നെഞ്ചിനകത്ത് ലാലേട്ടന്‍; മലയാളികളുടെ പ്രിയ ലാലേട്ടന് ഇന്ന് 65-ാം പിറന്നാള്‍

Jaihind News Bureau
Wednesday, May 21, 2025

കേരള ജനത മനസ്സുകൊണ്ട് കഥാപാത്രങ്ങളെ ഏറ്റെടുത്ത നടന വിസ്മയം ലാലേട്ടന് ഇന്ന് 65ാം പിറന്നാള്‍. നാല് പതിറ്റാണ്ടിലേറെയായ അഭിനയ ജീവിതത്തിലെ മാസ്മരിക പ്രകടനങ്ങള്‍ ഓരോ മലയാളിയുടെയും ജീവിതത്തിന്റെ ഭാഗമാണ് മോഹന്‍ ലാല്‍ എന്ന മഹാ പ്രതിഭ.

അഞ്ച് ഇന്ത്യന്‍ ഭാഷകളിലായി 300-ലധികം സിനിമകള്‍. അച്ഛനായും ഭര്‍ത്താവായും മകനായും കാമുകനായും വില്ലനായുമൊക്കെ മലയാള സിനിമയില്‍ എണ്ണം വയ്ക്കാനില്ലാത്ത കഥാപാത്രങ്ങള്‍. മലയാളികള്‍ക്കെന്നും ഓര്‍ത്തിരിക്കന്‍ നിരവധി കഥാപാത്രങ്ങള്‍. ആ കഥാപാത്രങ്ങളുടെ യാത്ര ഇന്ന് തുടരും ചിത്രത്തിലൂടെ ടാക്‌സി ഡ്രൈവറായ ഷണ്‍മുഖനില്‍ എത്തി നില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്ക് ആവേശമാണ് ലാലേട്ടന്‍.

1960 മെയ് 21 ന് പത്തനംതിട്ടയിലാണ് മോഹന്‍ലാലിന്റെ ജനനം. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലനായാണ് സിനിമയിലേക്കുള്ള ചുവടു വയ്പ്പ്. 1986-ല്‍ പുറത്തിറങ്ങിയ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലൂടെ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്നു. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-പ്രിയദര്‍ശന്‍’ എന്ന ഐക്കോണിക് കോമ്പിനേഷന്‍ മലയാള സിനിമയുടെ സുവര്‍ണ്ണ വര്‍ഷങ്ങള്‍ അടയാളപ്പെടുത്തുന്നു. രണ്ട് പത്മ അവാര്‍ഡുകളും അഞ്ച് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. മാസ് സിനിമകളും ക്ലാസ് ചിത്രങ്ങളും അഭിനയത്തിലൂടെ അതിന്റെ പൂര്‍ണതയിലേക്ക്.

സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ അഭിനയത്തില്‍ സജീവമായിരുന്ന ലാലേട്ടന്‍ സ്‌കൂള്‍ നാടകങ്ങളില്‍ നിറഞ്ഞു നിന്നു. സ്‌നേഹവും വാത്സല്യവും തുളുമ്പുന്ന കഥാപാത്രങ്ങള്‍ മുതല്‍ അധോലോക നായകന്‍ വരെ നീളുന്ന അഭിനയ യാത്ര. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമാണ് കടന്നുപോകുന്നത്, സമീപകാല ട്രെന്‍ഡുകളെ മറികടന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ വമ്പന്‍ വിജയങ്ങള്‍ നേടി മുന്നേറി. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ ഇന്‍ഡസ്ട്രി ഹിറ്റുകളായി മാറി. എന്നാല്‍ ഇതിനു പിന്നാലെ മറ്റൊരു റെക്കോര്‍ഡ് കൂടി മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനെ തേടിയെത്തി. ഇന്ത്യയിലെ അഞ്ച് 200 കോടി സിനിമകളില്‍ രണ്ടെണ്ണവും മോഹന്‍ലാല്‍ എന്ന നടന്റെ പേരിലാണ്.

അതേസമയം മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’.  സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘ഹൃദയപൂര്‍വ്വം’ ടീമിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബന്ധങ്ങളുടെ കഥ പറയുന്ന വളരെ പ്ലസന്റ് ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. ഹ്യൂമറിന് വളരെ പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ‘ഹൃദയപൂര്‍വ്വ’മെന്ന് നേരത്തെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് അറിയിച്ചിരുന്നു. അതേസമയം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും ‘ഹൃദയപൂര്‍വ്വം’ എന്ന് സിനിമയെ കുറിച്ച് മോഹന്‍ലാല്‍ നേരത്തെ പ്രതികരിച്ചിരുന്നു.