ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ദ്വീപിലെ ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ എട്ടുപേര്‍ രാജിക്കത്ത് നല്‍കി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. ലക്ഷദ്വീപിന്‍റെ ചുമതലയുള്ള എ.പി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്തുകള്‍ ഇ മെയിലില്‍ അയച്ചു.
അഡ്മിനിസ്ട്രേഷന്‍ നടപടികള്‍ ദ്വീപിലെ സമാധാനാന്തരീക്ഷത്തിനും സ്വൈര്യജീവിതത്തിനും ഹാനികരം ആയതിനാല്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്, ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചിട്ടുള്ളത്. ബിജെപിക്കുള്ളില്‍ തന്നെ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതായാണ് സൂചന. നേരത്തെ പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിന് ശേഷം ലക്ഷദ്വീപിന്‍റെ അവസ്ഥ പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടി ദ്വീപിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ കാരണം ജനം ദുരിതത്തിലാണെന്നും സഹായിക്കാന്‍ ആരുമില്ലെന്നും ഏപ്രില്‍ 20ന് അയച്ച കത്തില്‍ പറയുന്നു.