‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം’ : രാഷ്ട്രപതിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, May 25, 2021

തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അദ്ദേഹം കത്തയച്ചു. ലക്ഷദ്വീപിന്‍റെ സംസ്കാരത്തെ തകര്‍ക്കുന്ന നടപടികളാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദ്വീപ് നിവാസികളുടെ സൈര്യജീവിതത്തെ തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ലക്ഷദ്വീപിന്‍റെ സംസ്‌കാരം കേരളത്തിന്‍റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. മുമ്പ് അഡ്മിനിസ്‌ട്രേറ്ററായി ഇരുന്നിട്ടുള്ളവരൊന്നും സ്വീകരിക്കാത്ത നടപടികളാണ് പ്രഫുല്‍ പട്ടേല്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിഷയത്തില്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും എത്രയും വേഗം ഇടപെടാന്‍ തയാറാകണം. സാധാരണക്കാരും പാവപ്പെട്ട ദ്വീപിലെ ജനങ്ങളുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. ദ്വീപിലെ ജനങ്ങളുടെ വികാരങ്ങള്‍ പൂര്‍ണ്ണമായും മാനിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.