‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം’ : പ്രധാനമന്ത്രിക്ക് കത്തയച്ച് ജി ദേവരാജന്‍

Jaihind Webdesk
Tuesday, May 25, 2021

ലക്ഷദ്വീപിന്‍റെ പൈതൃകവും ദ്വീപ്‌ നിവാസികളുടെ ജീവിതോപാധികളും വിശ്വാസവും തകര്‍ക്കുന്ന തരത്തില്‍ ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ദ്വീപ്‌ നിവാസികളുടെ പ്രധാന ജീവിത മാര്‍ഗങ്ങളായ മത്സ്യബന്ധനത്തിനും ക്ഷീരകൃഷിക്കും വിഘാതം ഉണ്ടാക്കുന്നതാണ് പുതിയ പരിഷ്കാരങ്ങള്‍. മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും മറ്റും മുന്നറിയിപ്പില്ലാതെ പൊളിച്ചു മാറ്റിയതും കാലിവളര്‍ത്തലിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നതിനു കാരണമായിട്ടുണ്ട്.

99 ശതമാനം മുസ്‌ലീങ്ങള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍ മദ്യക്കച്ചവടത്തിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും സ്കൂളുകളിലും മറ്റും മാംസാഹാരം നിരോധിച്ചതും ദ്വീപ്‌ നിവാസികളുടെ ഭക്ഷണരീതികളിലും ആചാര വിശ്വാസങ്ങളിലും ഭരണകൂടം അനാവശ്യമായി കൈകടത്തുന്നതിന് തെളിവാണ്. തദ്ദേശീയരായ താത്ക്കാലിക ജീവനക്കാരേയും അധ്യാപകരേയും അകാരണമായി കൂട്ടത്തോടെ പിരിച്ചുവിട്ടതും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നിഷേധിക്കുന്ന നടപടികളും തികച്ചും ജനാധിപത്യ വിരുദ്ധവും രാജ്യത്തൊരിടത്തും നിലവിലില്ലാത്ത പരിഷ്കാരങ്ങളുമാണ്.

രാജ്യം മുഴുവന്‍ കൊവിഡ് മഹാമാരിക്കും അനുബന്ധ രോഗങ്ങള്‍ക്കും എതിരെ പോരാടുമ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാതെ വംശവിദ്വേഷത്തിന്‍റെ കുഴല്‍ക്കണ്ണാടിയിലൂടെ ഭരണ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും തകര്‍ക്കുന്ന പ്രവൃത്തികളാണ്. താരതമ്യേന കുറ്റകൃത്യങ്ങളും സമര പ്രക്ഷോഭങ്ങളും കുറഞ്ഞ ലക്ഷദ്വീപിനെ അശാന്തിയിലേക്ക് തള്ളിവിട്ട അഡ്മിനിസ്ട്രേറ്ററെ എത്രയും പെട്ടെന്ന് തിരികെവിളിക്കണമെന്ന് ജി ദേവരാജന്‍ കത്തില്‍ ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്‍റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുവാന്‍ പൊരുതുന്ന ദ്വീപ്‌ നിവാസികള്‍ക്ക് ഫോര്‍വേഡ് ബ്ലോക്കിന്‍റെ ഐക്യദാര്‍ഢ്യവും ദേവരാജന്‍ അറിയിച്ചു.