എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം; കൊവിഡ് വ്യാപനമുണ്ടാകുമെന്ന് കളക്ടര്‍

Jaihind Webdesk
Saturday, July 3, 2021

 

കൊച്ചി : യുഡിഎഫ് എം.പിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. എം.പിമാരായ ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർക്കാണ് ദ്വീപ് അഡ്മിനിസ്ട്രേഷൻ അനുമതി നിഷേധിച്ചത്. എംപിമാരുടെ സന്ദര്‍ശനം കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നതാണ് അനുമതി നിഷേധിക്കാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ലക്ഷദ്വീപില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും നിലവില്‍ ദ്വീപ് ശാന്തമാണെന്നുമാണ് കളക്ടര്‍ അസ്കര്‍ അലിയുടെ അവകാശവാദം. എം.പിമാരുടെ സന്ദര്‍ശനം ദ്വീപില്‍ കൊവിഡ് വ്യാപനത്തിന് വഴി തെളിക്കുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ദ്വീപ് സന്ദര്‍ശന നീക്കം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും എം.പിമാര്‍ക്കുള്ള മറുപടിയില്‍ ആരോപിക്കുന്നു. എംപിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുമെന്നും നിലവിലെ സമരങ്ങള്‍  അക്രമസ്വഭാവത്തിലേക്ക് നീങ്ങുമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. സന്ദര്‍ശനാനുമതി നിഷേധിക്കാന്‍ പ്രധാനമായും പറയുന്ന കാരണങ്ങള്‍ ഇവയാണ്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേല്‍ ഏകപക്ഷീയമായി നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധമുയർത്തുന്ന ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ദ്വീപിലെ സാഹചര്യം വിലയിരുത്തുന്നതിനുമാണ് എം.പിമാര്‍ സന്ദര്‍ശനാനുമതി തേടിയത്.