ലഖിംപുർ ഖേരി കേസ് : അന്വേഷണ പുരോഗതിയില്ല ; സുപ്രീം കോടതിക്ക് കടുത്ത അതൃപ്തി

Jaihind Webdesk
Monday, November 8, 2021

ന്യൂഡല്‍ഹി : ലഖിംപുർ ഖേരി കേസിൽ വീണ്ടും കടുത്ത അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി. അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് കോടതി. ഫോറൻസിക് പരിശോധന വേഗത്തിലാക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ലന്നും കോടതി വിമർശിച്ചു. അന്വേഷണം കോടതി പ്രതീക്ഷിച്ചപോലെയല്ല പോകുന്നതെന്നും സുപ്രീം കോടതി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു ഇന്ന് ലക്കിംപൂർ ഖേരി കേസ് പരിഗണിച്ചത്. അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്നും കോടതി പറഞ്ഞ പല കാര്യങ്ങളും പാലിച്ചില്ലെന്നുമുള്ള കടുത്ത അതൃപ്തി കോടതി രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കമുള്ളവർ പ്രതി ചേർക്കപ്പെട്ട കേസ് ഒക്ടോബർ 26 ന് കോടതി പരിഗണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി വിലയിരുത്താനായിരുന്നു കോടതി ഇന്ന് കേസ് പരിഗണിച്ചത്. ലഖിംപുര്‍ സംഭവത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടിൽ കൂടുതലായി ഒന്നുമില്ല എന്ന കോടതി നിരീക്ഷിക്കുകയായിരുന്നു.

കേസില്‍ ആകെ പതിനാറ് പ്രതികളാണുള്ളത്. ഇതില്‍ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസിലെ ഒരു പ്രതിയുടെ ഫോണ്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ ഫോൺ ഇതുവരെ കണ്ടെത്താത്തത് എന്താണെന്നും കോടതി ചോദിച്ചു. സർക്കാർ നൽകിയ റിപ്പോർട്ടിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടർന്ന് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് കോടതി വ്യക്തമാക്കി. വിശ്വാസയോഗ്യമായ അന്വേഷണത്തിന് ഇത് ആവശ്യമാണെന്ന് കോടതി പറഞ്ഞു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ നിന്നുള്ള റിട്ട. ജസ്റ്റിസ് രാകേഷ് കുമാർ ജെയിൻ അല്ലെങ്കിൽ റിട്ട. ജസ്റ്റിസ് രഞ്ജിത് സിംഗ് എന്നിവർക്ക് ലഖിംപൂർ ഖേരി അന്വേഷണത്തിന് മേൽനോട്ടം വഹിക്കാമെന്ന് കോടതി അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.