തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ സമയം കഴിഞ്ഞിട്ടും സ്ലോട്ട് കിട്ടാത്തവർ എട്ട് ലക്ഷത്തിലേറെ എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഡോസ് വാക്സിനെന്ന് റിപ്പോർട്ട്. സർക്കാരിന്റെ വാക്സീൻ നയത്തിലെ പാളിച്ചയാണു മോശം സാഹചര്യത്തിനു കാരണമായതെന്ന് ആരോഗ്യ വിദഗ്ധർ.
ഒക്ടോബർ നാല് മുതല്‍ സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാർത്ഥികളെ രണ്ടാം ഡോസിനായി സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ പ്രേരിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. വിദ്യാർത്ഥികള്‍ക്ക് പുറമേ സാധാരണക്കാരേയും വാക്സിനേഷന് വേണ്ടി സ്വകാര്യ ആശുപത്രികളിലേക്ക് വിടാനും ആലോചനയുണ്ട്.
കൊവീഷീല്‍ഡ് വാക്സീൻ ആദ്യ ഡോസ് എടുത്തവർ 84 ദിവസം കഴിയുമ്പോൾ രണ്ടാം ഡോസ് സ്വീകരിക്കണം. കൊവിഡ് അവലോകന റിപ്പോർട്ട് അനുസരിച്ചു 98 മുതൽ 112 ദിവസം വരെ ആയിട്ടും 3.72 ലക്ഷം പേർക്കു രണ്ടാം ഡോസ് ലഭിച്ചിട്ടില്ല. 112 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സീൻ ലഭിക്കാത്ത 4.97 ലക്ഷം പേരുണ്ട്. തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രികൾ വഴിയും സൗജന്യമായാണ് വാക്സീൻ നൽകുന്നത്.കേരളത്തില്‍ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സീൻ സ്വീകരിക്കാൻ 780 രൂപ നൽകണം.