Ladhak Protest | രാജ്യദ്രോഹി പരാമര്‍ശം പിന്‍വലിക്കണം; ലഡാക്ക് ചര്‍ച്ചയില്‍ നിന്ന് ലേ അപെക്‌സ് ബോഡി പിന്മാറി; സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍

Jaihind News Bureau
Monday, September 29, 2025

ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിക്കുന്ന ലേ അപെക്‌സ് ബോഡി (എബിഎല്‍) ഒക്ടോബര്‍ 6-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി നടത്താനിരുന്ന ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. പ്രമുഖ കാലാവസ്ഥാ പ്രവര്‍ത്തകനും എബിഎല്‍ അംഗവുമായ സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തതു കൂടാതെ സംസ്ഥാന പദവിക്കായുള്ള പ്രക്ഷോഭങ്ങളെ ‘രാജ്യദ്രോഹപരം’ എന്ന് മുദ്രകുത്തിയതില്‍ പ്രതിഷേധിച്ചാണ് നടപടി.

സെപ്റ്റംബര്‍ 24-ന് ലേയില്‍ നടന്ന പ്രക്ഷോഭത്തില്‍ അക്രമാസക്തരായ ജനക്കൂട്ടം ഓഫീസുകള്‍ ആക്രമിക്കുകയും ബിജെപി ഓഫീസ് തീ വയ്്ക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ വെടിവെയ്പ്പില്‍ നാല് പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലഡാക്ക് മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംരക്ഷണം നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതും, തൊഴിലില്ലായ്മയും അവസരങ്ങളുടെ അഭാവവും മൂലമുള്ള നിരാശയുടെ പ്രതിഫലനമാണ് അക്രമമെന്ന് എബിഎല്‍ പറഞ്ഞു.

വെടിവെയ്പ്പിനെക്കുറിച്ച് നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും, ലഡാക്കി പ്രക്ഷോഭകരെ ‘രാജ്യദ്രോഹികള്‍’ എന്നും ‘പാകിസ്ഥാന്റെ കയ്യിലെ കളിപ്പാവകള്‍’ എന്നും മുദ്രകുത്തിയതിന് കേന്ദ്രം മാപ്പ് പറയണമെന്നും എബിഎല്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെഡിഎ) നേതാവ് സജ്ജാദ് കാര്‍ഗിലി ആവശ്യപ്പെട്ടു.

സോനം വാങ്ചുക്കിനെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്തത് മേഖലയിലെ രോഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ലഡാക്കിന്റെ പോരാട്ടം രാജ്യവ്യാപകമാക്കാന്‍ അദ്ദേഹത്തിന്റെ അറസ്റ്റ് സഹായിച്ചുവെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. സെപ്റ്റംബര്‍ 24-ലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം അറസ്റ്റിലായ വാങ്ചുക്കിനെയും മറ്റുള്ളവരെയും ഉടനടി നിരുപാധികം വിട്ടയക്കണമെന്ന് കെഡിഎ ആവശ്യപ്പെട്ടു.

വാങ്ചുക്കിനെ പാകിസ്ഥാനുമായോ അക്രമങ്ങളുമായോ ബന്ധിപ്പിക്കുന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ ശക്തമായി നിഷേധിച്ചു.
സംസ്ഥാന പദവിക്കും സംരക്ഷണത്തിനുമുള്ള ലഡാക്കിന്റെ ആവശ്യങ്ങള്‍ അവഗണിക്കുന്നത് മേഖലയിലെ ജനങ്ങളെ ‘ഒറ്റപ്പെടുത്തുകയാണെന്ന്’ എബിഎല്‍, കെഡിഎ നേതാക്കള്‍ സര്‍ക്കാരിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. എബിഎല്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതോടെ, ഒക്ടോബര്‍ 6-ന് കേന്ദ്രവും ലഡാക്ക് നേതാക്കളും തമ്മിലുള്ള സംഭാഷണം അനിശ്ചിതത്വത്തിലായി