ലേ: ലഡാക്ക് സംസ്ഥാന പദവിക്കായി നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സമര നേതാവുമായ സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂരിലേക്ക് മാറ്റി. ലഡാക്കിലെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് അദ്ദേഹത്തെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റും തുടര്‍നടപടികളും ഉണ്ടായിരിക്കുന്നത്.
അതിനിടെ, ലഡാക്കില്‍ പ്രതിഷേധിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ചര്‍ച്ച നടത്തും. നാല് പേര്‍ കൊല്ലപ്പെട്ട പ്രതിഷേധ സംഭവത്തിന് തൊട്ടുപിന്നാലെ നടക്കുന്ന ഈ കൂടിക്കാഴ്ച അതീവ പ്രാധാന്യമുള്ളതാണ്.
ലഡാക്ക് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ലഡാക്ക് അപക്സ് ബോഡി (LAB), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (KDA) എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചക്കായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ആറ് പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
പ്രകോപനപരമായ പ്രസ്താവനകളിലൂടെ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്ത ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ലേഹ് ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.