‘ഡോക്ടർമാരില്ല, ഫോട്ടോഗ്രാഫർമാർ മാത്രം’; മോദിയുടെ ആശുപത്രി സന്ദർശനത്തിനെതിരെ കോണ്‍ഗ്രസ്

 

ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശുപത്രി സന്ദർശനം ‘ഫോട്ടോ ഓപ്ഷൻ’ എന്ന്  കോണ്‍ഗ്രസ്.  സൈനിക ആശുപത്രിയിൽ ഡോക്ടർമാരെ കാണാനില്ലെന്നും ഫോട്ടോഗ്രാഫർമാരെ മാത്രമാണ് കാണാൻ കഴിയുന്നതെന്നും കോൺഗ്രസ് നേതാവ് അഭിഷേക് ദത്ത് ട്വിറ്ററില്‍ കുറിച്ചു. മോദി നന്നായി കള്ളം പറയുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സൽമാൻ നിസാമിയും പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവിന്‍റേയോ സെലിബ്രിറ്റിയുടെയോ ശ്രദ്ധേയമായ സംഭവത്തിന്‍റെ ഫോട്ടോ എടുക്കുന്നതിന് ക്രമീകരിച്ച അവസരമാണ് ‘ഫോട്ടോ ഓപ്ഷൻ’. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജവാൻമാരുടെ സമീപത്തായി മരുന്നുകളോ ചികിത്സാ ഉപകരണങ്ങളോ ഇല്ലെന്ന്  അഭിഷേക് ദത്ത്  കുറിച്ചു. മോദിയുടെ ആശുപത്രി സന്ദർശനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങൾ പരിശോധിക്കുമ്പോൾ അതൊരു സൈനിക ആശുപത്രി പോലെയല്ല തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോദി നന്നായി കള്ളം പറയുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സൽമാൻ നിസാമിയുടെ  പ്രതികരണം. അദ്ദേഹം ആദ്യം പറഞ്ഞത് നമ്മുടെ പ്രദേശത്ത് ആരും കടന്നിട്ടില്ലെന്നാണ്. പിന്നാലെ അദ്ദേഹം ചൈനീസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജവാൻമാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു എന്നും സൽമാൻ നിസാമി കുറ്റപ്പെടുത്തി. മോദിയുടെ ലഡാക്ക് സന്ദർശനവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ചിത്രങ്ങളിൽ പല കോണുകളിൽ നിന്നും സംശയങ്ങൾ ഉയരുന്നുണ്ട്.

 

Comments (0)
Add Comment