VD SATHEESAN| സംസ്ഥാനത്ത് സര്‍ക്കാരില്ലായ്മ; മന്ത്രിമാരുടേത് നിരുത്തരവാദപരമായ സമീപനം: വി.ഡി സതീശന്‍

Jaihind News Bureau
Friday, July 4, 2025

മന്ത്രിമാരുടേത് നിരുത്തരവാദപരമായ സമീപനമെന്നും സംസ്ഥാനത്ത് സര്‍ക്കാരില്ലായ്മയെന്നും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയ്ക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും വി.ഡി സതീശന്‍
വ്യക്തമാക്കി.

സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണം. സംസ്ഥാനത്ത് സര്‍ക്കാരില്ലായ്മ എന്ന അവസ്ഥയാണെന്നും ആവശ്യമുള്ളപ്പോള്‍ മിണ്ടാതിരിക്കുക എന്ന കൗശലമാണ് സ്ഥലത്തെത്തിയ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ അവിടെ വന്നു ബഹളം ഉണ്ടാക്കിയപ്പോഴാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാരിലെ ഒരാളു പോലും ദുരന്തത്തില്‍പ്പെട്ട കുടുംബത്തിലെ ആരെയും വിളിച്ചിട്ടില്ല, ആശ്വസിപ്പിച്ചിട്ടില്ല. ആ അമ്മയാണ് ആ കുടുംബം നടത്തിക്കൊണ്ടുപോകുന്നത്, നഷ്ടപരിഹാരം നല്‍കാമെന്നു പോലും പറഞ്ഞിട്ടില്ല. മകള്‍ക്ക് ഗുരുതരമായ അസുഖം ബാധിച്ച് സര്‍ജറിക്കായി മെഡിക്കല്‍ കോളജിലെത്തിയതാണ്.

ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. 25 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. പി ആര്‍ ഏജന്‍സി പറയുന്നതിന് അപ്പുറം സര്‍ക്കാരിന് ഒന്നുമില്ല. കോണ്‍ഗ്രസും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ അഞ്ച് വയസുള്ള ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്നു വീണത്. അപകടമുണ്ടായതോടെ പതിനാലാം വാര്‍ഡിന്റെ മറ്റു ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.