‘മെയ്ഡ് ഇന്‍ ഇന്ത്യ’; ചാറ്റ്ജിപിടിക്കും പെര്‍പ്ലെക്സിറ്റിക്കും ഇന്ത്യന്‍ വെല്ലുവിളി: ‘കൈവെക്സ്’ എ.ഐ. അസിസ്റ്റന്റ് ലോഞ്ച് ചെയ്തു

Jaihind News Bureau
Saturday, November 15, 2025

ന്യൂഡല്‍ഹി: ആഗോള എ.ഐ. ഗവേഷണ രംഗത്ത് ഇന്ത്യയുടെ കരുത്ത് പ്രഖ്യാപിച്ചുകൊണ്ട്, ‘കൈവെക്സ്’ എന്ന പുതിയ എ.ഐ. അസിസ്റ്റന്റ് ലോഞ്ച് ചെയ്തു. ഇന്ത്യന്‍ കോടീശ്വരനായ പേള്‍ കപൂറാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ചാറ്റ്ജിപിടി, പെര്‍പ്ലെക്സിറ്റി തുടങ്ങിയ ലോകോത്തര പ്ലാറ്റ്ഫോമുകളുമായി നേരിട്ട് മത്സരിക്കാനാണ് കൈവെക്സ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ എ.ഐ. എഞ്ചിനീയര്‍മാരും ഗവേഷകരും ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാര്‍ജ് ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ അസിസ്റ്റന്റ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കൃത്യതയുള്ളതും, സന്ദര്‍ഭത്തിനനുസരിച്ചുള്ളതും, ആഴത്തിലുള്ളതുമായ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുക എന്നതാണ് കൈവെക്സിന്റെ പ്രഥമ ലക്ഷ്യം. വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നീ മേഖലകളിലെ എല്ലാവര്‍ക്കും എ.ഐ. ലഭ്യമാക്കുകയും അതുവഴി ലോകത്തിനായി ഇന്ത്യയില്‍ നിര്‍മ്മിച്ചത് എന്ന തത്വശാസ്ത്രം മുന്നോട്ട് വെക്കുകയുമാണ് പ്ലാറ്റ്ഫോം.

സംരംഭത്തിന് പ്രമുഖ ഐ.ഐ.ടി. അക്കാദമിക് വിദഗ്ധരുടെ ശക്തമായ പിന്തുണയുണ്ട്. ഐ.ഐ.ടി. ഡല്‍ഹി മുന്‍ ഡയറക്ടര്‍ പ്രൊഫസര്‍ രാംഗോപാല്‍ റാവു, ഐ.ഐ.ടി. ഖരഗ്പൂര്‍ മുന്‍ ഡയറക്ടര്‍ പ്രൊഫസര്‍ പി.പി. ചക്രവര്‍ത്തി തുടങ്ങിയവരുടെ പിന്തുണ, കൈവെക്സിന്റെ ഗവേഷണപരമായ അടിത്തറയ്ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു. ഇത് ആഗോള എ.ഐ. രംഗത്ത് ഇന്ത്യയുടെ നേതൃപരമായ പങ്ക് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമായും വിലയിരുത്തപ്പെടുന്നു.

നിലവില്‍ വെബ് അധിഷ്ഠിത പ്ലാറ്റ്ഫോമില്‍ മാത്രമാണ് കൈവെക്സ് ലഭ്യമായിട്ടുള്ളതെങ്കിലും, അധികം വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., ബ്രൗസര്‍ ഇന്റഗ്രേഷന്‍ എന്നിവയിലേക്ക് ഇതിനെ വികസിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എല്ലാവര്‍ക്കും സൗജന്യവും തുറന്നതുമായ ആക്സസ് നല്‍കിക്കൊണ്ട് എ.ഐ. നവീകരണത്തെ ജനാധിപത്യവല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, ഇത് വിവര ഗവേഷണത്തില്‍ പരിവര്‍ത്തനം വരുത്തുമെന്നും ലോഞ്ചിംഗ് വേളയില്‍ പേള്‍ കപൂര്‍ വ്യക്തമാക്കി.