കൊന്നിട്ടും മതിവരാതെ… അധിക്ഷേപവുമായി കെ.വി.കുഞ്ഞിരാമന്‍

Jaihind Webdesk
Friday, February 22, 2019

കാസര്‍കോട് പെരിയയില്‍ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ ശരത് ലാലിനെ അധിക്ഷേപിച്ച് സിപിഎം നേതാവും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍. കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്ട് എന്ന് പറഞ്ഞ കുഞ്ഞിരാമന്‍ കൊല്ലിച്ചിട്ടും തീരാത്ത പകയുമായി ശരത് ലാലിനെ വ്യക്തിഹത്യ ചെയ്യാനും മടിച്ചില്ല.  ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിക്കുന്ന പ്രവര്‍ത്തകനായിരുന്നു ശരത്‌ലാല്‍ എന്ന് അദ്ദേഹം ആരോപിച്ചു.

മുന്‍ എം.എല്‍.എയും, ഇപ്പോഴത്തെ എം.എല്‍.എയും ഉള്‍പ്പെടെ സി.പി.എമ്മിന്‍റെ ഉന്നത നേതാക്കള്‍ അറിഞ്ഞു കൊണ്ടാണ് തങ്ങളുടെ മക്കളെ അരും കൊല ചെയ്തതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിക്കുന്നുണ്ട്.  മുസ്തഫയുടെ കൊലവിളി പ്രസംഗവും കൊല്ലപ്പെട്ടവര്‍ക്ക് നേരത്തെ ഉണ്ടായ കടുത്ത ഭീഷണിയും ഇതിനെ സാധൂകരിക്കുന്നു.  ഭീഷണി സംബന്ധിച്ചു പല തവണ പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇത് മുഖവിലക്കെടുക്കാത്ത പൊലീസ് നടപടിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

നേരത്തെ, ഇതേ കേസിലെ പ്രതിയെന്ന് കണ്ട് പൊലീസില്‍ പീതാംബരന്‍റെ കുടുംബം പാര്‍ട്ടിയ്ക്കെതിരെ സംസാരിച്ചതിന് പിന്നാലെ കുഞ്ഞിരാമന്‍റെ നേതൃത്വത്തിലുള്ള സി.പി.എം സംഘം വീട്ടില്‍ എത്തി പണവും നിയമസഹായവും വാഗ്ദാനം ചെയ്തുവെന്നും തുടര്‍ന്ന് കുടുംബം പാര്‍ട്ടിക്കെതിരായ നിലപാട് മയപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും   മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വീട് സന്ദര്‍ശിച്ചതായി സമ്മതിച്ച കെ.വി കുഞ്ഞിരാമന്‍ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ വീട്ടിലെ പ്രായമായ അമ്മയെയും കുടുംബത്തിന്‍റെയും ആശ്വസിപ്പിക്കാനാണ് പോയതെന്നും അതിന് മറ്റ് വ്യാഖ്യാനങ്ങളൊന്നും ആവശ്യമില്ലെന്നും പറഞ്ഞിരുന്നു.  അനുവദിച്ചാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.  എന്നാല്‍, ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്നും  സന്ദര്‍ശനത്തിന് ശേഷം കുടുംബത്തിന്‍റെ നിലപാട് മയപ്പെട്ടത് കുഞ്ഞിരാമനെതിരായ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നുണ്ടെന്നുമാണ് വിലയിരുത്തല്‍ .