കായംകുളം എംഎൽഎയുടെ നടപടി പ്രതിഷേധാർഹം, മാപ്പ് പറയണം : കെയുഡബ്ല്യുജെ

Jaihind News Bureau
Saturday, April 4, 2020

ആലപ്പുഴ: വാർത്തയെ തനിക്കെതിരെയെന്ന് വ്യാഖ്യാനിച്ച് മാധ്യമസമൂഹത്തെ മോശമായ ഭാഷയിൽ അടച്ചാക്ഷേപിച്ച യു. പ്രതിഭ എംഎൽഎയുടെ നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

പ്രമുഖരുടെ, പ്രത്യേകിച്ച് പൊതുപ്രവർത്തകരുടെ അടക്കം സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളും കമന്‍റുകളും മറ്റും വാർത്തയാകുന്നത് പുതിയ സംഭവമല്ല. ആളുകളുടെ സ്ഥാനമാനങ്ങൾ അനുസരിച്ച് അതിന് പ്രാധാന്യമേറുക സ്വാഭാവികം. എംഎൽഎയ്ക്ക് അതൃപ്തിക്കിടയാക്കിയ വാർത്ത ഏകപക്ഷീയമോ ഒരു തരത്തിലുള്ള വ്യക്തിഹത്യ നിറഞ്ഞതോ അല്ല. എന്നാൽ അതിനെ മോശമായി ചിത്രീകരിക്കാനാണ് നിർഭാഗ്യവശാൽ ശ്രമമുണ്ടായത്.

ലോകമാകെ കോവിഡ് എന്ന മഹാമാരിയുടെ പിടിയിലുഴലുമ്പോൾ ജീവൻ പണയംവച്ചും ആ രംഗത്ത് കർമനിരതരായിക്കുന്ന മാധ്യമപ്രവർത്തകരെ ഈ നിലയ്ക്ക് ആക്ഷേപിക്കാൻ ഒരു ജന പ്രതിനിധി തുനിഞ്ഞത് ആശ്ചര്യമുളവാക്കുന്നു. സാമൂഹ്യപ്രതിബദ്ധതയോടെ കോവിഡ് വിഷയത്തിലടക്കം നിലയുറപ്പിച്ചിട്ടുള്ള മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി ഉൾപ്പെടെ ദൈനംദിനം പ്രശംസിക്കുന്ന ഈ അവസരത്തിൽ കായംകുളം എംഎൽഎയുടെ നടപടി തീർത്തും അനുചിതമാണ്. മാധ്യമപ്രവർത്തകർക്കെതിരെ നടത്തിയ മോശം പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാൻ എംഎൽഎ തയ്യാറാവണമെന്ന് യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ യു ഗോപകുമാറും സെക്രട്ടറി ആർ രാജേഷും ആവശ്യപ്പെട്ടു.

യു പ്രതിഭ പ്രസ്താവന പിൻവലിക്കണമെന്ന് കെയുഡബ്ള്യൂജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. മാധ്യമപ്രവർത്തകർക്കെതിരെയു പ്രതിഭ എംഎൽഎ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സ്വതന്ത്രമായും സത്യസന്ധമായും തൊഴിലെടുത്ത് ജീവിക്കുന്ന മാധ്യമപ്രവർത്തകരോടുള്ള വെല്ലുവിളിയാണ് യു പ്രതിഭ നടത്തിയത്.

ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തക എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും പ്രതിഭ തെറ്റ് തിരുത്തി കേരളത്തിലെ മാധ്യമ
സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണമെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.