
സമൂഹ മാധ്യമമായ ടിക്ടോക്ക് ലൈവിലൂടെ യു.എ.ഇയെ അപമാനിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിന് കുവൈത്ത് കോടതി മൂന്ന് വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഉടന്‍ നടപ്പാക്കാനും കോടതി ഉത്തരവിട്ടു.
സഹോദര രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വളരെ വേഗം തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മറ്റു രാജ്യങ്ങളെ അപമാനിക്കുന്നതോ രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ കുവൈത്തില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം, ദേശീയ സുരക്ഷ, പൊതു സമാധാനം എന്നിവയെ ബാധിക്കുന്ന പ്രവൃത്തികള്‍ക്ക് തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്തില്‍ ഇതിനുമുമ്പും സാമൂഹ്യ മാധ്യമങ്ങളിലെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് നിരവധി പേര്‍ക്ക് തടവും പിഴയും ലഭിച്ചിട്ടുണ്ട്. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികാരികള്‍ തയ്യാറായില്ല.