കുവൈറ്റ് തീപിടിത്തം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കെ.സി. വേണുഗോപാൽ കത്തയച്ചു

Jaihind Webdesk
Wednesday, June 12, 2024

 

ന്യൂഡല്‍ഹി: കുവൈറ്റ് തീപിടിത്തത്തിൽ ദുരിത ബാധിതർക്ക് അടിയന്തര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാചിലവുകൾ വഹിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ നൽകാൻ കുവൈറ്റിലെ എംബസിയോട് നിർദ്ദേശിക്കണമെന്നും വേണുഗോപാൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനയച്ച കത്തിൽ ആവശ്യപ്പെട്ടു . അപകടത്തിൽപ്പെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ഇടപെടണമെന്നും കെ.സി. വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.

കുവൈറ്റ് അധികൃതരുമായി സഹകരിച്ച് സംഭവത്തെക്കുറിച്ചന്വേഷിക്കണമെന്നും ഇരകൾക്ക് നീതി ലഭിക്കാനും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ അന്വേഷണം അനിവാര്യമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പത്തോളം ഇന്ത്യക്കാരുൾപ്പെടെ 43 പേരുടെ മരണത്തിനിടയായ സംഭവം അതിദാരുണമാണെന്നും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു .