കുവൈറ്റ് തീപിടിത്തത്തില്‍ മരണം 49 ആയി, 14 മലയാളികള്‍; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

 

കുവൈറ്റ്: കുവൈറ്റ് തീപിടിത്തത്തില്‍ മരണം 49 ആയി. മരിച്ചവരില്‍ 14 പേർ മലയാളികളാണ്. തൊഴിലാളികൾ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലാണ് തീപിടിച്ചത്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിലെ സംഘം ഉടൻ കുവൈത്തിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മൃതദേഹങ്ങൾ കഴിവതും വേഗം ഇന്ത്യയിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കി. ഡിഎൻഎ പരിശോധന നടത്തി ഫലമറിയേണ്ടതിനാൽ ചെറിയ കാലതാമസം ഉണ്ടായേക്കാം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. അഞ്ച് ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം നൽകും. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗം അപകടം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ഏകോപിപ്പിക്കാൻ ഇന്ന് പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം ചേരും. 10 മണിക്കാണ് യോഗം ചേരുന്നത്.

തെക്കൻ കുവൈത്തിൽ മംഗാഫിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിലാണ് ഇന്നലെ പുലർച്ചെ തീപിടിത്തമുണ്ടായത്. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പു വരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എൻബിടിസി കമ്പനി അറിയിച്ചു. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തു. കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഇന്നത്തെ പരിപാടികൾ സംസ്ഥാന സർക്കാർ ഒഴിവാക്കി. കുവൈത്തിലുണ്ടായ തീപിടിത്തം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും.

Comments (0)
Add Comment