കുവൈറ്റ് തീപിടിത്തം: മരിച്ചവരില്‍ 24 മലയാളികള്‍, 19 പേരെ തിരിച്ചറിഞ്ഞു

Jaihind Webdesk
Thursday, June 13, 2024

 

കുവൈത്തിലെ മംഗാഫില്‍ തൊഴിലാളികളുടെ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോർക്ക. ഇതില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തീപിടിത്തത്തില്‍ മരിച്ച 49-ല്‍ 43 പേരും ഇന്ത്യക്കാരാണെന്നും അമ്പതോളം പേര്‍ക്ക് പരുക്കേറ്റെന്നുമാണ് വിവരം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈറ്റിലെത്തി. സംസ്ഥാനത്തിന്‍റെ പ്രതിനിധിയായി ആരോഗ്യമന്ത്രി വീണാ ജോർജും കുവൈറ്റിലേക്ക് തിരിക്കും.

കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മന്ത്രി പി. രാജീവ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും ധനസഹായം നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക.

ഇന്നലെ പുലര്‍ച്ചെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അപകടത്തെ കുറിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുടെ മകനെയും സുരക്ഷാ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. കെട്ടിടം നിലനിൽക്കുന്ന അൽ അഹ്മദി ഗവർണറേറ്റിന്‍റെ ചുമതലയുള്ള മുനിസിപ്പാലിറ്റി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

കുവൈറ്റ് അഗ്നിബാധയില്‍ ഇതുവരെ മരണം സ്ഥിരീകരിച്ച മലയാളികളുടെ പേരുകള്‍:

1.തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി
2.കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
3.പാമ്പാടി സ്വദേശി സ്റ്റീഫിന്‍ എബ്രഹാം സാബു ( 29 )
4. കൊല്ല പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ് നായര്‍
5.കൊല്ലം സ്വദേശി ഷമീര്‍
6 പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54)
7. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48)
8. കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്
9. പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശേരിയില്‍ സജു വര്‍ഗീസ്(56)
10 പത്തനംതിട്ട തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മന്‍
11. കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍
12 മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്‍റെ പുരക്കല്‍ നൂഹ് (40)
13 മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36)
14 കോട്ടയം ചങ്ങനാശേരി ശ്രീഹരി പ്രദീപ് (27)
15 പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോര്‍ജ് (54)
16. പത്തനംതിട്ട കീഴ്വായ്പ്പൂര്‍ നെയ്വേലിപ്പടി സ്വദേശി സിബിന്‍ ടി. എബ്രഹാം (31)
17.തൃശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)
18. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)
19. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍