കുവൈറ്റിലെ ഫ്ലാറ്റില്‍ തീപിടിത്തം; മരണ സംഖ്യ 35 ആയി, നിരവധി പേര്‍ക്ക് പരുക്ക്

Wednesday, June 12, 2024

 

കുവൈറ്റിലുണ്ടായ തീപിടിത്തതില്‍ മരണസംഖ്യ ഉയരുന്നു. തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ടു മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്. മംഗാഫ് പ്രദേശത്ത് പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മംഗാഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. താഴത്തെ നിലയിൽ നിന്ന് തീ പടരുന്നത് കണ്ട് രക്ഷപ്പെടാൻ ഒട്ടേറേപേർ താഴേക്ക് ചാടിയെന്നാണ് വിവരം. ഇവരെ അദാൻ, ജബൈര്‍, മുബാറക് എന്നീ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്നിശമനസേനയും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.