കുവൈറ്റ് തീപിടിത്തം; മൃതദേഹങ്ങളുമായി പ്രത്യേക വിമാനം കുവൈറ്റില്‍ നിന്ന് തിരിച്ചു; 10.30ന് നെടുമ്പാശേരിയിലെത്തും

Jaihind Webdesk
Friday, June 14, 2024

 

കൊച്ചി: കുവൈറ്റിലെ മംഗാഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. അപകടത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹം രാവിലെ പത്തരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ സമയം രാവിലെ ആറരയോടെയാണ് വിമാനം കുവൈത്തിൽനിന്ന് പുറപ്പെട്ടത്. കേന്ദ്രമന്ത്രി കീർത്തിവർധൻ സിംഗും വിമാനത്തിലുണ്ട്. 23 മലയാളികളുടെ മൃതദേഹമാണു കൊച്ചിയിൽ എത്തിക്കുക. ആകെ 24 മലയാളികളാണ് മരിച്ചത്. ഇതിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വർഷങ്ങളായി മുംബൈയിലാണു താമസം. ഇദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങ് മുംബൈയിലാണ്. തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹവും കൊച്ചിയിൽ കൈമാറും. 7 തമിഴ്നാട്ടുകാരാണു തീപിടിത്തത്തിൽ മരിച്ചത്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ യുഡിഎഫിന്‍റെ എല്ലാ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. അതേസമയം, ദുരന്തത്തിന് കാരണമായ രണ്ട് പേർ റിമാൻഡിലായതായി കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചു. കൂട്ടമരണത്തിന് കാരണമായ ചട്ടലംഘനങ്ങളുടെ പേരിലാണ് നടപടി.

അതേസമയം കേരളം സങ്കടക്കടലിൽ അലമുറയിടുമ്പോഴും ലോക കേരളസഭ ആഘോഷം ഒഴിവാക്കാന്‍ സംസ്ഥാന സർക്കാർ തയാറാകാത്തതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നുണ്ട്. ലോക കേരള സഭ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ ഇന്ന് ഉച്ചയ്ക്കു മൂന്നു മണിക്ക് ഉദ്ഘാടനം നടത്താനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് അത്താഴ വിരുന്നും രാവേറെ നീളുന്ന സമ്മേളനവും നടക്കും.