പൊതുമാപ്പ്: കുവൈത്ത് സര്‍ക്കാരിന്റെ ചെലവില്‍ ആന്ധ്രക്കാരും യുപിക്കാരും മടങ്ങി: മലയാളികളെ സ്വീകരിക്കാന്‍ കേരളം തയ്യാറല്ല; അനിശ്ചിതത്വത്തിലായി ആയിരങ്ങള്‍| കേരളത്തിന്‍റെ രണ്ടുലക്ഷം ക്വാറന്‍റൈന്‍ സൗകര്യം പൊള്ളത്തരമെന്ന് സംഘടനകള്‍

 

ദുബായ് : കുവൈറ്റില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ പ്രവാസി ഇന്ത്യക്കാരുടെ  തിരിച്ചുപോക്ക് ആരംഭിച്ചിട്ടും, മലയാളികളുടെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തില്‍ തുടരുന്നു. കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ  അനുമതി ഈ വിഷയത്തില്‍ ലഭിക്കാത്തതും, പ്രവാസികളെ നാട്ടില്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതുമാണ് ഇതിന് കാരണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആരോപിച്ചു. കുവൈറ്റ് സര്‍ക്കാര്‍ സൗജന്യമായി , പ്രവാസി ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്ന കാര്യത്തിലാണ് കേരള സര്‍ക്കാരിന്റെ ഈ തണുപ്പന്‍ പ്രതികരണം.

കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴായിരത്തിലധികം ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഇപ്രകാരം, പൊതുമാപ്പ് നേടിയ 500 ലേറെ മലയാളികള്‍ കുവൈത്ത് സര്‍ക്കാറിന്റെ ക്യാംപുകളിലും, 1500 ഓളം പേര്‍ ഔട്ട്പാസ് നേടിയവരുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്രകാരം, പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ പ്രവാസി ഇന്ത്യക്കാരുടെ  തിരിച്ചുപോക്ക് ആരംഭിച്ചിട്ടും, മലയാളികളുടെ കാര്യത്തില്‍ , കേരള സര്‍ക്കാരിന്റെ അനാസ്ഥ തുടരുകയാണ്. അതേസമയം, ആന്ധ്രപ്രദേശ് , ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോയി . ജസീറ എയര്‍വെയ്‌സ് വിമാനത്തില്‍ വ്യാഴാഴ്ച വിജയവാഡയിലേക്ക് പോയി. കൂടാതെ, വെള്ളിയാഴ്ച വിജയവാഡയിലേക്കും ലക്‌നൗവിലേക്കും ആളുകളെ കൊണ്ടുപോയി. വെള്ളിയാഴ്ച സര്‍വീസില്‍ വിജയവാഡയിലേക്ക് 150 പേരും, ലക്‌നൗവിലേക്ക് 134 പേരുമാണ് യാത്ര ചെയ്തത്. സംസ്ഥാനത്ത് നിന്നുള്ളവരെ സ്വീകരിക്കാന്‍ ആന്ധ്രാ പ്രദേശ്, യുപി സര്‍ക്കാരുകള്‍ സന്നദ്ധമായിട്ടും, കേരളം തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. ഇപ്രകാരം, കുവൈത്ത് ഗവര്‍മെന്റിന്റെ പൂര്‍ണ്ണ ചെലവില്‍ കേരളത്തിലേക്ക് മടങ്ങുന്നവരെ പോലും, സ്വീകരിക്കാനാണ് സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം കാണിക്കുന്നത്.

ഇതിനിടെ, കേരളത്തിലേക്കുള്ള വിമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമല്ല. സംസ്ഥാന സര്‍ക്കാര്‍ കുവൈത്ത് മലയാളികളുടെ കാര്യത്തില്‍ കടുത്ത അലംഭാവം കാണിക്കുന്നതായി ഒ ഐ സി സി കുവൈത്ത് പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ആരോപിച്ചു. പ്രവാസികള്‍ക്കായി രണ്ടു ലക്ഷം ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയെന്ന് അവകാശപ്പെട്ട, കേരള സര്‍ക്കാരാണ് കുവൈത്ത് മലയാളികളോട് കടുത്ത വിവേചനം കാണിക്കുന്നത്. പറയുന്നത് ഒന്നും, പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമായി കേരള സര്‍ക്കാര്‍ മാറിയെന്ന് വര്‍ഗീസ് പുതുകുളങ്ങര കുറ്റപ്പെടുത്തി.

ആദ്യഘട്ടത്തില്‍ അഞ്ഞൂറിലധികം മലയാളികള്‍ നാട്ടിലേക്ക് പോകാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍, പൊതുമാപ്പില്‍ മടങ്ങുന്ന പ്രവാസികളുടെ കാര്യത്തില്‍ കാണിക്കുന്ന ആത്മാര്‍ത്ഥ, കേരള സര്‍ക്കാര്‍ കാണിക്കുന്നില്ലെന്ന് മറ്റു സംഘടനകളും ആരോപിച്ചു.  എത്രയും പെട്ടന്ന് ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന്  ലീഗല്‍ സെല്‍ കുവൈറ്റ് പ്രതിനിധി ബാബു ഫ്രാന്‍സീസ് ആവശ്യപ്പെട്ടു.

Comments (0)
Add Comment