കളമശേരി കുസാറ്റ് കാമ്പസിലെ അപകടത്തില്‍ മരിച്ച വടക്കന്‍ പറവൂര്‍ സ്വദേശിയും വിദ്യാര്‍ഥിയുമായ ആന്‍ റുഫ്തയുടെ അമ്മ ഇറ്റലിയില്‍. വിസിറ്റിങ് വിസയിലാണ് ഇവര്‍ അടുത്തിടെ ഇറ്റലിയിലേക്ക് പോയത്. ആന്‍ റുഫ്തയെ പഠിപ്പിക്കാന്‍ പണം കണ്ടെത്താന്‍ ജോലി തേടിയാണ് ഇവര്‍ ഇറ്റലിയിലേക്ക് പോയതെന്ന് സ്ഥലം എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. വരാന്‍ വേണ്ടിയുള്ള സൗകര്യം ചെയ്ത് കൊടുക്കാന്‍ മലയാളി അസോസിയേഷനുകളുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ സമയമാണിപ്പോഴെന്നും എല്ലാവരും അതിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ കണ്മുന്നില്‍ കാണുന്ന കഴ്ചകള്‍ വേദനാജനകമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് മികച്ച ചികിത്സാ സംവിധാനം സര്‍ക്കാര്‍ സജ്ജമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികളുടെ തിക്കും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കമാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍ തമ്പി, സാറാ തോമസ്, ആന്‍ റുഫ്‌തോ എന്നിവരും പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫുമാണ് മരിച്ചത്. ആല്‍ബിന്‍ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നാളെ രാവിലെ ഏഴ് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടക്കും. രണ്ട് മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജിലും രണ്ട് മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും പോസ്റ്റ്മോര്‍ട്ടം നടത്തും. അപകടത്തില്‍ 64 പേര്‍ക്ക് പരിക്കേറ്റുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് പ്രതികരിച്ചു. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ മെഡിക്കല്‍ കോളേജിനും കിന്റര്‍, സണ്‍റൈസ് തുടങ്ങിയ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.