കുസാറ്റില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥ; 14 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Jaihind Webdesk
Saturday, November 11, 2023


കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ കുസാറ്റില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥ. ഇന്ന് പുലര്‍ച്ചെ ഉണ്ടായ എസ്എഫ്‌ഐ കെ.എസ്.യു സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പതിനാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് നടപടികള്‍ കടുപ്പിക്കുകയാണ്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ക്യാംപസില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവായത്. സംഘര്‍ഷത്തിന്റെ ഒരുവശത്ത് കെഎസ് യുവും മറുവശത്ത് എസ്എഫ്‌ഐയും. സഹാറ ഹോസ്റ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍. പതിനാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നാണ് കളമശേരി പൊലീസിന്റെ എഫ്‌ഐആര്‍. ഹോസ്റ്റലിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ കെഎസ് യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിച്ചു. നാലാംവര്‍ഷ ബിടെക് വിദ്യാര്‍ഥികളായ അഭിനവ്, റയാന്‍, ശ്രീറാം കുറുപ്പ്, സിയാദ് എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ബൈക്കിന്റെ ചെയിന്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരാളുടെ കണ്ണിന് പരിക്കേറ്റു.എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അര്‍ജുന്‍ ആനന്ദാണ് കേസിലെ ഒന്നാംപ്രതി . കെഎസ് യു പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് ഓടിക്കയറി ഗ്രില്‍ അടച്ചതിനാലാണ് മരണം സംഭവിക്കാതിരുന്നതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. പതിനാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം, കലാപശ്രമം, കയ്യേറ്റം തുടങ്ങി ഏഴ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതികള്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കളമശേരി പൊലീസ് വ്യക്തമാക്കി.