കുസാറ്റ് അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Jaihind Webdesk
Sunday, November 26, 2023

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ മരിച്ചതില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അസ്വാഭാവിക മരണത്തിന് കളമശേരി പോലീസ് കേസെടുത്തു. മരിച്ച നാലു പേരേയും തിരിച്ചറിഞ്ഞു. മൂന്നു വിദ്യാര്‍ഥികളും ഒരു യുവാവുമാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. ആല്‍വിന്‍ കുസാറ്റ് വിദ്യാര്‍ഥിയല്ല. സുഹൃത്തുക്കള്‍ക്കൊപ്പം ക്യാംപസില്‍ എത്തിയതാണ് ആല്‍വിന്‍ .

മരിച്ച മൂന്നുപേരും കുസാറ്റിലെ രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. നാലുപേരെയും എത്തിച്ചത് മരിച്ച നിലയിലായിരുന്നു. രണ്ടുപേരുടെ നില അതീവ ഗുരുതരം. 49 പേര്‍ക്ക് പരുക്കേറ്റു. കുസാറ്റില്‍ ഹെല്‍പ്ലൈന്‍ തുടങ്ങി, നമ്പര്‍: 8075774769. കളമശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗംചേര്‍ന്നു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി രാവിലെ തന്നെ മൃതദേഹങ്ങള്‍ വിട്ടുനല്‍കും. ആന്‍ റിഫ്റ്റയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.ടെക്‌ഫെസ്റ്റ് ‘ധിഷ്ണ’യുടെ ഭാഗമായിരുന്നു ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള സംഘടിപ്പിച്ചത്. വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ദുരന്തം. ഓഡിറ്റോറിയത്തിന് ഒരു ഗെയ്റ്റ് മാത്രമാണുണ്ടായിരുന്നത്. പ്രവേശന കവാടത്തിലാണ് തിരക്കുണ്ടായത്. തിക്കിലും തിരക്കിലും വിദ്യാര്‍ഥികള്‍ ബോധംകെട്ടുവീണു. ക്യാംപസില്‍ നിന്ന് മറ്റു വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിപാടിക്കിടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. ക്യാംപിനു പുറത്തു നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു. മഴ പെയ്തപ്പോള്‍ പുറത്തു നിന്നവരും ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. കവാടത്തിനടുത്ത് വന്‍ തിരക്ക് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിപാടി തുടങ്ങുന്നതിനു മുന്‍പാണ് ദുരന്തം സംഭവിക്കുന്നത്. ഓഡിറ്റോറിയത്തിന് ഒരു ഗെയ്റ്റ് മാത്രമാണുള്ളത്.