കൂരിയാട് ദേശീയപാതാ അപകടം: കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്തു; രണ്ട് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍

Jaihind News Bureau
Thursday, May 22, 2025

മലപ്പുറം കൂരിയാട് ദേശീയപാതാ ഇടിഞ്ഞു താണ് സര്‍വീസ് റോഡിലേക്ക് വീണ സംഭവത്തില്‍ കനത്ത നടപടിയുമായി കേന്ദ്രം. കരാര്‍ കമ്പനിക്കാരായ KNR കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയമാണ് കനത്ത നടപടി സ്വീകരിച്ചത്. അപകട ശേഷം ദേശീയ വിദഗ്ധ സംഘത്തിന്റെ പരിശോധന നടന്നിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ബന്ധപ്പെട്ടവര്‍ കേന്ദ്ര സര്‍ക്കാരിന് എത്തിക്കും. കൂടാതെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രോജക്ട് മാനേജറായ എം.അമര്‍നാഥ് റെഡ്ഡിയെയും കണ്‍സള്‍ട്ടന്റ് കമ്പനിയുടെ ടീം ലീഡറായ രാജ്കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള നടപടിയും സര്‍ക്കാര്‍ എടുത്തു. ഹൈവേ എന്‍ജിനീയറിംഗ് കമ്പനിക്കും വിലക്കുണ്ട്.

കഴിഞ്ഞദിവസമാണ് മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണത്. പുതിയ ആറ് വരി പാതയുടെ ഭാഗമാണ് ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. കനത്ത മഴയില്‍ അടിത്തറയില്‍ കൂരിയാടിന് പിന്നാലെ മലപ്പുറം തലപ്പാറയിലും ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് തലപ്പാറ. നിര്‍മാണം പൂര്‍ത്തിയായ റോഡിന്റെ മധ്യഭാഗത്താണ് വിള്ളല്‍. ഉയര്‍ത്തിക്കെട്ടിയ പാതയുടെ സംരക്ഷണഭിത്തി വലിയ ശബ്ദത്തോടെ താഴെയുള്ള സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

കുപ്പത്തും നടപടി:

കുപ്പത്ത് റോഡ് തകര്‍ന്നതില്‍ വീഴ്ച സമ്മതിച്ച് ദേശീയപാത അതോറിറ്റി. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് NHAI അറിയിച്ചു. ദേശീയ പാത തകര്‍ന്ന സംഭവത്തിലാണ് കേന്ദ്രം നടപടി എടുത്തത്. ഡിപിആറില്‍ അപാകതയുണ്ടെന്ന് NHAI സമ്മതിച്ചു.