മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തില്‍ അന്വേഷണത്തിന് വകുപ്പ് സെക്രട്ടറിയെ നിയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കും. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റി അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ആരായും.
മഴയെ തുടര്‍ന്ന് വയല്‍ ഉള്‍പ്പെട്ട ഭൂമി വികസിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രഥാമിക വിലയിരുത്തല്‍. അന്വേഷണത്തിന് മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കുമെന്നും ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അതിനിടെ ദേശീയപാത അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. കോഹിനൂറുള്ള ഓഫീസിനടുത്ത് രാവിലെ 10 മണിക്കാണ് പ്രതിഷേധ പരിപാടി. സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.