തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിലും അയ്യപ്പ സംഗമം വിഷയത്തിലും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് പൊലീസുകാര്‍ ചെയ്തതെന്നും, കസ്റ്റഡി പീഡനമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തില്‍ അടിയന്തര നടപടിയെടുത്ത് കുറ്റക്കാരായ പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കാരണം പോലുമില്ലാതെയാണ് മര്‍ദ്ദിച്ചത്. നടപടിയില്ലെങ്കില്‍ പ്രതിഷേധം ഏതറ്റം വരെയും കൊണ്ടുപോകും. ഈ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഡി.ഐ.ജി. പറഞ്ഞ നടപടികള്‍ അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ വക്താവായി ഡി.ഐ.ജി. മാറരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പോലീസ് ഇത്രമാത്രം വഷളായ ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നവരെയും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ഇത് നടത്താന്‍ മാത്രം എന്താണ് ഇവരുടെ പശ്ചാത്തലമെന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് വരുമ്പോഴുണ്ടാകുന്ന അയ്യപ്പഭക്തി എന്താണെന്ന് ജനങ്ങള്‍ക്കറിയാം. ശബരിമലയില്‍ ഇത്രകാലം വികസന പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് നടത്തിയില്ലെന്നും, നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ എന്തുകൊണ്ടാണ് പിന്‍വലിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയും. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറയട്ടെ. അയ്യപ്പ സംഗമത്തിന്റെ സംഘാടകസമിതിയിലേക്ക് ക്ഷണിച്ചത് അറിയിച്ചിട്ടില്ല. തനിക്ക് മര്യാദ പഠിപ്പിക്കാന്‍ ദേവസ്വം മന്ത്രി വരേണ്ട. ആരു വന്നാലും താന്‍ കാണാന്‍ തയ്യാറാണ്, പക്ഷേ അറിയിച്ചിട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടം വിഷയത്തിലും വി.ഡി. സതീശന്‍ നിലപാട് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളില്‍ മാറ്റമില്ല. ആലോചിച്ച് എടുത്ത തീരുമാനങ്ങളാണ് അത്. താനും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. സി.പി.എമ്മിനുപോലും ഇങ്ങനെ തീരുമാനമെടുക്കാന്‍ ധൈര്യമില്ല. പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് തീരുമാനങ്ങള്‍ എടുത്തത്. വ്യക്തിക്കല്ല പ്രസ്ഥാനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.