V D Satheesan| കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: പുറത്ത് വന്നത് കേരള പൊലീസിന്റെ തനിനിറം; മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശന്‍

Jaihind News Bureau
Sunday, September 7, 2025

തൃശൂര്‍: കുന്നംകുളത്തെ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള പൊലീസിന്റെ തനിനിറമാണ് പുറത്തുവന്നതെന്നും, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ വിഷയത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീച്ചിയിലെ സംഭവം പോലീസ് പൂഴ്ത്തിവെച്ചെന്നും, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇത് അറിഞ്ഞില്ലെങ്കില്‍ അത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹത്തിന്റെ വെല്ലുവിളി നേരത്തെ തന്നെ സ്വീകരിച്ചതാണെന്നും, വരുന്ന തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തോടെ കോണ്‍ഗ്രസ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതല്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകാന്‍ തയ്യാറാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാഹുല്‍ മാങ്കൂട്ടത്തിന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് ഒരു അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഈ വിഷയത്തില്‍ താന്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും, ബോധ്യങ്ങളില്‍ നിന്നാണ് പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും, കോണ്‍ഗ്രസ് ജീവിക്കുന്നത് റീലുകളിലോ സോഷ്യല്‍ മീഡിയയിലോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.