Youth Congress Protest| കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം

Jaihind News Bureau
Monday, September 8, 2025

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി. നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

കിരാതമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ ജലപ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ തെറിച്ചുവീണു. ഇതിനിടെ ചില പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് പ്രതിഷേധിക്കാന്‍ ശ്രമിച്ചു. ഇവര്‍ക്ക് നേരെ പോലീസ് ബലപ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. ഈ സമയത്ത് ഏതാനും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് സംഘര്‍ഷത്തിന് വഴിവെച്ചു.

ഏറെ നേരത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ പ്രകടനമായി പാളയത്തേക്ക് മടങ്ങി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.