എംഡിഎംഎ കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവിന്‍റെ മൃതദേഹം അഞ്ചുരുളി തടാകത്തില്‍

Jaihind Webdesk
Thursday, April 13, 2023

 

ഇടുക്കി: കട്ടപ്പനയിൽ എംഡിഎംഎ (MDMA) കേസിൽ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ അഞ്ചുരുളി തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടിൽ ജോ മാർട്ടിൻ (24) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ജോമാർട്ടിനെ കട്ടപ്പന ടൗണിൽ നിന്നും എക്സൈസ് അറസ്റ്റ് ചെയ്തത്. 150 മില്ലി ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ജാമ്യത്തിൽ ഇറങ്ങി വീട്ടിൽ എത്തിയ ശേഷം പുറത്തേക്കുപോയ ജോ മാർട്ടിനെ കാണാതാവുകയായിരുന്നു. ഇന്നലെ വൈകിട്ട് ഇയാളുടെ കാർ അഞ്ചുരുളി തടകത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

അഗ്നിശമനസേനയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് അഗ്നിശമന സേനയുടെ സ്കൂബാ ടീം തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം തീരത്ത് പൊന്തുകയായിരുന്നു. കേസിൽ അകപ്പെട്ടത്തിന്‍റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.