കുമ്മാട്ടിയില്ലാതെ തൃശൂരിന്‍റെ ഓണാഘോഷം പൂർണമാകില്ല. നാട്ടു വഴികളിലും നഗര വീഥികളിലും മതി മറന്നാടാൻ കുമ്മാട്ടിക്കൂട്ടങ്ങൾ തയ്യാറെടുക്കുകയാണ് .
ശിവഭൂത ഗണങ്ങളാണ് കുമ്മാട്ടികൾ എന്നാണ് വിശ്വാസം. ഓണ വിശേഷങ്ങൾ ജനങ്ങളോട് ചോദിച്ചറിയാൻ കുമ്മാട്ടികൾ ആടി പാടി വരും. പർപ്പടക പുല്ല് ദേഹത്ത് വരിഞ്ഞു കെട്ടി പ്രത്യേക മുഖം മൂടിയണിഞ്ഞാണ് കുമ്മാട്ടികൾ ചുവട് വെയ്ക്കുന്നത്. കാട്ടാളൻ, തള്ള, ഹനുമാൻ, നരസിംഹം, കാളി തുടങ്ങിയ മുഖങ്ങളാണ് പൊതുവെ ഉണ്ടാകാറ്. മുഖം മൂടികൾ മിനുക്കി എടുക്കുന്ന തിരക്കിലാണ് വിവിധ ദേശക്കാർ.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ നാടൻ കലാരൂപം ഇന്നും തനിമ ചോരാതെയാണ് തൃശൂരിലും പരിസര പ്രദേശങ്ങളിലും അരങ്ങേറുന്നത് . ഒരു സംഘത്തിന് കോർപ്പറേഷൻ ഇരുപത്തി അയ്യായിരം രൂപ നൽകുന്നതൊഴിച്ചാൽ സർക്കാർ സഹായമൊന്നുമില്ല. എന്നാൽ പർപ്പടക പുല്ല് മണക്കുന്ന നാട്ടുവഴികളുടെ നൻമകൾ മനസിൽ സൂക്ഷിക്കുന്ന ദേശക്കാർ ഒറ്റക്കെട്ടായി ഈ കുമ്മാട്ടിക്കാലവും ആഘോഷമാക്കും