തട്ടിക്കൊണ്ട്പോക്ക്, ക്രൂരമായ പീഡനത്തിനൊടുവില്‍ ഭാര്യപിതാവിനെ കൊലപ്പെടുത്തിയ പ്രതിക്കായി തെരച്ചില്‍ ശക്തം

Jaihind Webdesk
Wednesday, June 26, 2019

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് തട്ടിക്കൊണ്ടു പോയ ഭാര്യാപിതാവ് കൊല്ലപ്പെട്ടു. കാസർകോട് കുമ്പള ബേക്കൂരിലെ അൽത്താഫാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് അൽത്താഫിനെ മകൾ സെറീനയുടെ ഭർത്താവ് ഷെബീർ മൊയ്തീൻ തട്ടിക്കൊണ്ടുപോയത്.

ഭാര്യാ പിതാവ് അൽത്താഫിനെയും തന്‍റെ രണ്ട് കുട്ടികളിൽ ഒരാളെയുമാണ് പ്രതി ഷെബീർ മൊയ്തീൻ കാറിൽ തട്ടിക്കൊണ്ടു പോയത്. വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ കുട്ടിയെ ഷെബീർ ഓട്ടോറീക്ഷയിൽ വീട്ടിലെത്തിച്ചു. എന്നാൽ അൽത്താഫിനെ വിട്ടയച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് കൈഞരമ്പ് മുറിച്ച് അതീവ ഗുരുതരാവസ്ഥയിലായ അൽത്താഫിനെ ദേർളക്കട്ടയിലെ ആശുപത്രിയിൽ ഷെബീർ ഉപേക്ഷിച്ചത്. അത്യാസന്ന നിലയിലായ അൽത്താഫിനെ മംഗലാപുരത്തെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മയക്കുമരുന്നിന് അടിമയായിരുന്ന ഷെബീർ ഭാര്യ സെറീനയെ നിരന്തരം മർദ്ദിക്കുന്നതിനെ തുടർന്ന് അൽത്താഫ് സെറീനയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. പിന്നാലെ ബേക്കൂരിലെ വീട്ടിലെത്തിയ ഷെബീർ സ്വർണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യാപിതാവിനെയും ഒരു മകളെയും തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അൽത്താഫിനെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് ഷബീർ കടന്നുകളഞ്ഞത്. സംഭവത്തിനു ശേഷം നാട്ടിൽ നിന്നും മുങ്ങിയ ഷെബീറിനെ കണ്ടെത്താൻ മംഗളൂരു ഭാഗത്തും മഞ്ചേശ്വരം കുമ്പള ഭാഗത്തും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.