കുഫോസ് നിയമനം റദ്ദാക്കി; ഡോ.കെ.റിജി ജോണ്‍ പുറത്ത് ; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ.കെ.റിജി ജോണിനെയാണ് പുറത്താക്കിയത്.  പുതിയ സെര്‍ച്ച്‌ കമ്മിറ്റി ഉണ്ടാക്കാന്‍ ചാന്‍സലര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് നടപടി.

കുഫോസ് വി.സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യു.ജി.സി ചട്ടപ്രകാരം അല്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. വി.സി നിയമനം സംബന്ധിച്ച്‌ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെ ഏറെ നിര്‍ണായകമാണ് ഹൈക്കോടതി വിധി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ.റിജി ജോണ്‍. 2021 ജനുവരിയിലാണ് നിയമനം നടന്നത്. ചട്ടപ്രകാരം ഒരു സര്‍വകലാശാലയില്‍ പത്ത് വര്‍ഷം വേണമെന്ന മാനദണ്ഡം ലംഘിച്ചാണ് നിയമനമെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ ഡോ. റിജി, പിഎച്ച്‌ഡി ചെയ്യാന്‍ പോയ മൂന്നു വര്‍ഷം കൂടി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയതെന്ന് ഹര്‍ജിക്കാരുടെ ആരോപണം. എന്നാല്‍ കാര്‍ഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാല്‍ യു.ജി.സി മാനദണ്ഡങ്ങള്‍ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വാദം. സെര്‍ച്ച്‌ കമ്മിറ്റി വി.സി പദവിയിലേക്ക് ഒരാളുടെ പേര് മാത്രമാണ് ശുപാര്‍ശ ചെയ്തത്. മാത്രമല്ല സെര്‍ച്ച്‌ കമ്മിറ്റിയില്‍ അക്കാദമിക്  യോഗ്യതയില്ലാത്തവരുണ്ടായിരുന്നുവെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

Comments (0)
Add Comment