പാലക്കാട് : കുടുംബശ്രീ വായ്പയില്‍ ക്രമക്കേട് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. പാലക്കാട് തരൂര്‍ പഴമ്പാലക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിലാണ് നടപടി. വി.കെ.നഗര്‍ ബ്രാഞ്ച് സെക്രട്ടറിയും കുടുംബശ്രീ ചെയര്‍പേഴ്സണുമായ ജമീലയ്ക്കെതിരെയാണ് ആലത്തൂര്‍ ഏരിയ കമ്മിറ്റിയുടെ നടപടി. ക്രമക്കേടില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി പൊലീസില്‍ പരാതി നല്‍കും.
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുവദിച്ച ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയിലാണ് ക്രമക്കേടുണ്ടായത്. കുടുംബശ്രീ ചെയര്‍പേഴ്സണായ ജമീല ബാങ്ക് നല്‍കിയ ലക്ഷങ്ങളില്‍ കാര്യമായ തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍. ഇഷ്ടക്കാര്‍ക്ക് കൂടുതല്‍ തുക വായ്പ അനുവദിച്ചു.
ജമീലയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പദവികളില്‍ നിന്നും മാറ്റിനിര്‍ത്താനാണ് ഏരിയ കമ്മിറ്റി തീരുമാനം. ബാങ്ക് ഭരണസമിതി യോഗം ചേര്‍ന്ന് ജമീലയെ വിതരണച്ചുമതലയില്‍ നിന്ന് നീക്കി. ക്രമക്കേടിന് സഹായിച്ചുവെന്ന് പരാതി ഉയര്‍ന്നതിനാല്‍ ബാങ്കിലെ താല്‍ക്കാലിക ജോലിയില്‍ നിന്ന് ജമീലയുടെ മകനെയും ഒഴിവാക്കി. പൊലീസിലും കുടുംബശ്രീ ജില്ലാ മിഷനിലും സഹകരണ വകുപ്പിലും പരാതി നല്‍കുമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു.