തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു), ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയിലെ വൈസ് ചാന്‍സലര്‍ (വി.സി) നിയമനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. വി.സി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റിയിലേക്ക് വിദഗ്ദ്ധരുടെ പട്ടിക പരസ്പരം കൈമാറാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഗവര്‍ണര്‍ നാല് വിദഗ്ദ്ധരുടെ പട്ടിക സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെ പട്ടിക ഗവര്‍ണറുടെ അഭിഭാഷകന് കൈമാറിയിട്ടില്ല.
സര്‍ക്കാരും ഗവര്‍ണറും നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും സുപ്രീം കോടതി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കുക. ഇത് വി.സി നിയമന നടപടികള്‍ക്ക് വേഗത നല്‍കും. ഇതിനിടെ, മാസങ്ങള്‍ക്ക് ശേഷം ഡിജിറ്റല്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് ഗവേണന്‍സ് യോഗം ഇന്ന് ചേരും. വൈസ് ചാന്‍സലര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.