ജലീല്‍ കലിപ്പിലാണ്… മലപ്പുറത്തിന്റെ കരുത്ത് മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് പിടികിട്ടില്ലെന്ന് മുള്ളുവാക്ക്

Jaihind News Bureau
Thursday, March 27, 2025

ജലീലിന്റെ കലിപ്പു തീരുന്നില്ല. തന്നെ ആരെങ്കിലും കുറ്റം പറയുന്നത് സഹിക്കാനാവില്ല ഈ തവനൂര്‍ ജനപ്രതിനിധിയ്ക്ക്. സ്വകാര്യ സര്‍വകലാശാല ബില്‍ ചര്‍ച്ചയില്‍ നിയമസഭയിലുണ്ടായ സംഭവങ്ങള്‍ക്ക് ഫേസ് ബുക്കില്‍ പകരം വീട്ടുകയാണ് കെ ടി ജലീല്‍. ഇതുകൊണ്ടും കാര്യമൊന്നുമില്ല. പിന്നെ സ്വയം സമാധാനം കിട്ടുമല്ലോ എന്നു കരുതിയാവും മിസ്റ്റര്‍ ജലീല്‍ ഇങ്ങനെയൊക്കെ സ്പീക്കര്‍ ഷംസീറിനെ ഭള്ളു പറയുന്നത്.

സമയക്രമം പാലിക്കാത്തതില്‍ നിയമസഭ സ്പീക്കര്‍ ഷംസീര്‍ ശാസിച്ചതാണ് ജലിലിന്റെ മനസ്സു നീറ്റിയ സംഭവം. ഇതില്‍ മുള്ളുവച്ച വാക്കുകളുമായി ഫേസ് ബുക്ക് കുറിപ്പ് എഴുതിയിരിക്കുകയാണ് ഇടത് എംഎല്‍എ കെ ടി ജലീല്‍. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയെന്നും അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം ‘ഉശിര്’ കൂടും. അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. അതേസമയം, എഫ്.ബി പോസ്റ്റില്‍ സ്പീക്കറുടെ പേര് പരാമര്‍ശിച്ചിട്ടില്ല.

2006ല്‍ കുറ്റിപ്പുറത്ത് നിന്നും 2011, 2016, 2021 വര്‍ഷങ്ങളില്‍ തവനൂരില്‍ നിന്നുമാണ് കെ ടി ജലീല്‍ മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തിയത്. 2016ലും 2021ലും സിപിഎം കോട്ടയായ തലശ്ശേരിയില്‍ നിന്നാണ് എ എന്‍ ഷംസീര്‍ വിജയിച്ചത്.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം ‘ഉശിര്” കൂടും. അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.

തിങ്കളാഴ്ച സ്വകാര്യ സര്‍വകലാശാല ബില്‍ പരിഗണിക്കുന്നതിനിടെ ആവശ്യപ്പെട്ടിട്ടും പ്രസംഗം അവസാനിപ്പിക്കാത്തതിനാലാണ് കെ ടി ജലീലിനോട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ക്ഷുഭിതനായത്. പ്രസംഗം പത്ത് മിനിറ്റ് പിന്നിട്ടതോടെ അവസാനിപ്പിക്കാന്‍ പല തവണ സ്പീക്കര്‍ ആവശ്യപ്പെട്ടു. 17 മിനിറ്റായിട്ടും പ്രസംഗം തുടര്‍ന്നതോടെ, സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ബില്ലില്‍ വിയോജനക്കുറിപ്പ് നല്‍കിയ പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങളും പ്രസംഗം പത്ത് മിനിറ്റില്‍ അവസാനിപ്പിച്ച് സഹകരിച്ചതായി ചെയര്‍ ചൂണ്ടിക്കാട്ടി.

പ്രസംഗം നിര്‍ത്താതെ വന്നതോടെ, സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയും തുടര്‍ന്ന് സംസാരിക്കേണ്ട ഇ കെ വിജയനെ ക്ഷണിക്കുകയും ചെയ്തു. ഇത് വകവെക്കാതെ ജലീല്‍ മൈക്കില്ലാതെ പ്രസംഗം തുടര്‍ന്നതോടെ, സ്പീക്കര്‍ രൂക്ഷ വിമര്‍ശനം നടത്തി.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചെയര്‍ കാണിച്ചത് ശരിയല്ലെന്ന് ജലീലും പറഞ്ഞു. ഒരുപാട് തവണ പറഞ്ഞിട്ടും ചെയറിനെ ധിക്കരിക്കുകയായിരുന്നെന്നും ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.