മന്ത്രി കെ.ടി.ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത് 2 ദിവസങ്ങളിലായെന്ന് സൂചന | VIDEO

Jaihind News Bureau
Tuesday, September 15, 2020

 

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 2 ദിവസങ്ങളായി ചോദ്യം ചെയ്തെന്ന് സൂചന. വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി.ജലീലിനെ ഇ. ഡി രണ്ടുദിവസം ചോദ്യം ചെയ്തത്. അതേസമയം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നശിപ്പിച്ച തെളിവുകൾ എൻ.ഐ.എ വീണ്ടെടുത്തു.

വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 മണിവരെയും വെള്ളിയാഴ്ച രാവിലെയും ചോദ്യം ചെയ്തെന്നാണ് സൂചന. മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. എറണാകുളത്തെ ഇഡി ഓഫിസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജലീലിന്‍റെ മൊഴി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ക്ക് കൈമാറി. മൊഴി പരിശോധിച്ചശേഷം തുടര്‍നടപടിയെന്ന് എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു. രണ്ടാം ദിവസത്തെ മൊഴിയെടുപ്പ് 2 മണിക്കൂർ കൊണ്ട് പൂർത്തിയായി. എന്നാൽ മൊഴിയെടുപ്പ് വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്‍റെ ഓഫീസും രഹസ്യമാക്കി വെച്ചതിന് പിന്നാലെയാണ് പുതിയ വിവരം പുറത്ത് വന്നിരിക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ കൊച്ചി ഓഫീസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്തെന്നും സ്വർണക്കടത്തു കേസിൽ മറ്റു വിഷയങ്ങളും ഉൾപ്പെടുമെന്നും ഇഡി ഉദ്യോഗസ്ഥർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നൽകാതെ ജലീൽ ഒഴിഞ്ഞുമാറിയെന്ന് ഇ. ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ജലീലിന്‍റെ ചോദ്യം ചെയ്യൽ തൃപ്തികരമായിരുന്നില്ല എന്ന വിവരമാണ് ഇഡിയിൽ നിന്നും ലഭിക്കുന്നത്.

2020 മാർച്ച് 4നു തിരുവനന്തപുരം യുഎഇ കോൺസൽ ജനറലിന്‍റെ പേരിലെത്തിയ നയതന്ത്ര പാഴ്സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങൾ. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നൽകിയിരുന്ന വിശദീകരണം. കള്ളക്ക‍ടത്തു സംഘം ഈ നയതന്ത്ര പാഴ്സലുകളിൽ സ്വർണമോ പണമോ കടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കള്ളപ്പണം കറൻസി നോട്ടുകളായി കടത്തിയോ എന്നും അന്വേഷിക്കുന്നു. സ്വർണക്കടത്തു പ്രതികൾ യുഎഇ കോൺസുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്‍റെ മറവിൽ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം. ജലീലിന്‍റെ മൊഴി ഇ.ഡി ഡയറക്ടർ പരിശോധിച്ച ശേഷമാണ് തുടർ നടപടികളിലേക്ക് ഇഡി കടക്കുക. അതേ സമയം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് തുടങ്ങിയവർ നശിപ്പിച്ച ഡിജിറ്റൽ തെളിവുകളാണ് എൻ.ഐ.എ വീണ്ടെടുത്തത്. 2 ടി ബി ഡാറ്റകളാണ് വീണ്ടെടുത്തത്. സ്വപ്നയുടേയും സന്ദീപിന്‍റെയും മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ നിന്നാണ് രേഖകൾ വീണ്ടെടുത്തത്. പ്രതികൾ നശിപ്പിച്ച വാട്സപ്പ് ടെലിഗ്രാം സന്ദേശങ്ങളും എൻ.ഐഎക്ക് ലഭിച്ചിട്ടുണ്ട്. ഇത് കേസന്വേഷണത്തിന് ഇനി നിർണ്ണായകമാകും.