ബന്ധുനിയമനത്തിൽ പ്രതിരോധത്തിലായ കെ.ടി ജലീൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തി. ബന്ധു നിയമന വിവാദം ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യാനിരിക്കെയാണ് കൂടിക്കാഴ്ച്ച.
ബന്ധുനിയമന വിവാദം പാർട്ടി പരിശോധിക്കുമെന്ന നിലപാടിന് പിന്നാലെയാണ് മന്ത്രി കെ.ടി ജലീൽ കോടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. വിവാദ നിയമനം സംബന്ധിച്ച് സി.പി.എം ജലീലിനോട് വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രിയെ സംരക്ഷിക്കാൻ സി.പി.എം നീക്കം നടത്തുന്നതിനിടെ കടുത്ത പ്രതിരോധമാണ് ജലീൽ നേരിടുന്നത്. ഇതിനിടെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കാൻ ജലീൽ ഇടപെട്ടതിന്റെ രേഖകൾ മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി പുറത്തു വിട്ടതും സർക്കാരിന് തലവേദനയായി. ബന്ധുനിയമന വിവാദത്തിൽ പെട്ട ജലീലിനെതിരെ പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ കരിങെ്ാടി പ്രതിഷേധങ്ങളും ആരംഭിച്ചു കഴിഞ്ഞു. അതേസമയം ബന്ധുനിയമന വിവാദത്തിൽ ഇപ്പോഴും തന്റെ നിലപാടിൽ ഉറച്ച നിൽക്കുന്ന ജലീൽ തന്നോട് സി.പി.എം വിശദീകരണം തേടിയെന്ന വാർത്തകൾ നിഷേധിച്ചു. മുഖ്യമന്ത്രിയോ സി.പി.എം സംസ്ഥാന സെ്രകട്ടറിയോ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ വിവാദം ചർച്ച ചെയ്യില്ലെന്നുമാണ് ജലീലിന്റെ വാദം. താൻ കോടിയേരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ അസ്വാഭാവികത ഇല്ലെന്നുമാണ് ജലീലിന്റെ പ്രതികരണം. എന്നാൽ ഇതേവിഷയത്തിൽ മുമ്പ് ഇ.പി ജയരാജനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കിയ സി.പി.എം കൂടുതൽ പ്രതിരോധത്തിലായിക്കഴിഞ്ഞു. ഇന്നു ചേരുന്ന സെക്രട്ടേറിയറ്റിൽ ജലീലിന്റെ നടപടിക്കെതിരെ വിമർശനമുയർന്നാൽ സി.പി.എമ്മിന് നടപടിയെടുക്കാതിരിക്കാനാവില്ല.