കെ.ടി ജലീല്‍ എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറിന് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുടെ കത്ത്. താന്‍ അടങ്ങുന്ന തവനൂര്‍ നിയോജകമണ്ഡലത്തിന്റെ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത് കെ ടി ജലീല്‍ ആണ്. ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നിയമസഭാംഗമായി സേവനം ചെയ്യാമെന്ന് കേരള നിയമസഭ സമക്ഷം സത്യം ചെയ്തതുമാണ്. എന്നാല്‍ മാസങ്ങളായി കെ.ടി ജലീല്‍ എംഎല്‍എ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സജീവമായിരുന്ന കല്യാണവീടുകളില്‍ പോലും അദ്ദേഹത്തെ കാണാതായിട്ട് മാസങ്ങളായെന്നും സെക്രട്ടറി കത്തില്‍ ആരോപിക്കുന്നു.
അദ്ദേഹത്തെ കാണാതെ പോയതാണെങ്കില്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ ഇടപെട്ട് പോലീസ് അധികാരികളുടെ സഹായത്താല്‍ തിരിച്ചു മണ്ഡലത്തിലേക്ക് എത്തിക്കാന്‍ അഭ്യര്‍ഥിക്കുന്നു എന്നാണ് ഡിസിസി ജനറല്‍ സെക്രട്ടറി ഇ.പി രാജീവ് എഴുതിയ കത്തില്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരള ഖജനാവില്‍ നിന്ന് എംഎല്‍എ യുടെ ശമ്പളം ജോലി ചെയ്യാതെ കൈപ്പറ്റുന്നു എന്നതിനാല്‍ അദ്ദേഹം കൈപ്പറ്റിയ തുക തിരിച്ച് സര്‍ക്കാരിന്റെ ഖജനാവിലേക്ക് തിരികെ വാങ്ങിക്കണമെന്നും രാജീവ് കത്തില്‍ ആവശ്യപ്പെട്ടു.