മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി യൂത്ത് ലീഗ്. 2006 മെയ് മാസത്തില്‍ എം.എല്‍.എ. ശമ്പളത്തോടൊപ്പം പി.എസ്.എം.ഒ. കോളേജിലെ അധ്യാപക ശമ്പളവും ജലീല്‍ കൈപ്പറ്റിയതായി രേഖകള്‍ പുറത്തുവിട്ടു. അനധികൃത പെന്‍ഷനുവേണ്ടി സര്‍വീസ് ബുക്ക് തിരുത്താന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇരട്ട ശമ്പളം വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവരുന്നത്.
2006 മെയ് 24-ന് കെ.ടി. ജലീല്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍, മെയ് 31 വരെ അദ്ദേഹം പി.എസ്.എം.ഒ. കോളേജില്‍നിന്ന് അധ്യാപക ശമ്പളം സ്വീകരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ. റസാഖിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം ജലീല്‍ കോളേജില്‍നിന്ന് കൈപ്പറ്റിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഒരേസമയം എം.എല്‍.എ. ശമ്പളവും എയ്ഡഡ് കോളേജ് അധ്യാപക ശമ്പളവും അദ്ദേഹം കൈപ്പറ്റിയതായി തെളിഞ്ഞിരിക്കുകയാണ്.
നിയമാനുസൃതമായി ഒരു വ്യക്തി നിയമസഭാ അംഗമായ ശേഷം, മറ്റേതെങ്കിലും ശമ്പളമുള്ള പദവിയില്‍നിന്ന് വേതനം സ്വീകരിക്കുന്നത് ഇരട്ട പദവിയായും നിയമലംഘനമായും കണക്കാക്കപ്പെടുന്നു. എം.എല്‍.എ. ആയ ശേഷം ഒരു എയ്ഡഡ് കോളേജിലെ അധ്യാപകനായി തുടരുകയും ശമ്പളം വാങ്ങുകയും ചെയ്തതിലൂടെ ജലീല്‍ ഈ നിയമം ലംഘിച്ചതായാണ് യൂത്ത് ലീഗിന്റെ ആരോപണം. അനധികൃതമായി പെന്‍ഷന്‍ ലഭിക്കുന്നതിനായി സര്‍വീസ് ബുക്ക് തിരുത്താനുള്ള ശ്രമങ്ങള്‍ കെ.ടി. ജലീല്‍ നടത്തുന്നതിനിടെയാണ് ഇപ്പോള്‍ ഇരട്ടശമ്പള വിവാദവും പുറത്തുവന്നിരിക്കുന്നത്.