സിദ്ധാർത്ഥന് നീതി തേടി കെഎസ്‌യുവിന്‍റെ നീതിയാത്ര ഇന്ന്; എന്‍എസ്‌യുഐ ദേശീയ പ്രസിഡന്‍റ്‌ വരുൺ ചൗധരി നേതാക്കളെ സന്ദർശിക്കും

Jaihind Webdesk
Friday, March 8, 2024

 

തിരുവനന്തപുരം: എസ്എഫ്ഐ അരുംകൊല ചെയ്ത സിദ്ധാർത്ഥന് നീതി തേടി കെഎസ്‌യു ഇന്ന് നീതിയാത്ര സംഘടിപ്പിക്കും. സിദ്ധാർത്ഥന്‍റെ വസതിയിൽ നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് നീതിയാത്ര.  സിദ്ധാർത്ഥന്‍റെ മാതാപിതാക്കളിൽ നിന്നും ഛായാചിത്രം ഏറ്റുവാങ്ങിയതിനു ശേഷം വൈകിട്ട് 4 മണിക്ക് നെടുമങ്ങാട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ കെഎസ്‌യു പ്രവർത്തകർക്കൊപ്പം കെപിസിസി വർക്കിംഗ് പ്രസിഡന്‍റ്‌ ടി. സിദ്ധിഖ്‌ എംഎല്‍എയും പങ്കാളിയാകും. സന്ധ്യയ്ക്ക് ക്ലിഫ് ഹൗസിന് മുന്നിൽ എന്‍എസ്‌യുഐ ദേശീയ പ്രസിഡന്‍റ്‌ വരുൺ ചൗധരി സമരത്തിൽ അണിചേരും. സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലും ജെബി മേത്തർ എംപിയും അലോഷ്യസ് സേവ്യറും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്കു കടന്നു.

എന്‍എസ്‌യുഐ ദേശീയ പ്രസിഡന്‍റ്‌ വരുൺ ചൗധരി നേതാക്കളെ സന്ദർശിക്കും

സിദ്ധാർത്ഥന് നീതി തേടി അഞ്ചു ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ, കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ എന്നിവരെ വരുൺ ചൗധരി സന്ദർശിക്കും. വൈകിട്ട് ആറു മണിക്കാണ് വരുൺ ചൗധരി സമരപ്പന്തലിലെത്തുക. എന്‍എസ്‌യുഐ ദേശീയ പ്രസിഡന്‍റായതിനുശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.