മുഖ്യമന്ത്രിയുടെ ഓഫീസ് റാക്കറ്റിന്‍റെ കൈയ്യില്‍; രാജിവച്ചൊഴിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.സുധാകരൻ എം പി | VIDEO

Jaihind News Bureau
Monday, July 13, 2020

 

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് റാക്കറ്റിന്‍റെ കൈയിലാണെന്ന് കെ.സുധാകരൻ എം പി. സിപിഎമ്മിലെ വലിയ ശതമാനം ആളുകൾക്ക് അവിടെ പ്രവേശനമില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസിനോട് മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. കേരള ജനതയോട് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ മുഖ്യമന്ത്രി അവധി നല്‍കി സുഖവാസത്തിന് അയച്ചിരിക്കുകയാണ്. അദ്ദേഹത്തോട് മുഖ്യമന്ത്രി വിശദീകരണം ചോദിക്കാത്തതെന്തുകൊണ്ടെന്നും കെ.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

സ്വർണകള്ളക്കടത്ത് നടന്ന് രണ്ടാഴ്ച കഴിയുമ്പോൾ സംസ്ഥാന സർക്കാർ അതിനോട് എങ്ങനെ പ്രതികരിച്ചെന്ന് ജനങ്ങൾ വിലയിരുത്തണം.നിയമപരമായ ഉത്തരവാധിത്തം  പാലിക്കേണ്ട ഡി ജി പി തന്നെ സ്വപ്നയെ സഹായിച്ചു.പൊലീസിന്‍റെയും സി പി എമ്മിന്‍റെയും  സഹായത്തോടെയാണ് സ്വപ്ന ബെംഗളൂരുവില്‍ എത്തിയതെന്നും കെ.സുധാകരൻ എംപി പറഞ്ഞു.
സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതി ലോക്ഡൗൺ കാലത്ത് കടന്നപ്പോൾ പൊലീസ് പിടിക്കേണ്ടതില്ലന്ന് പറഞ്ഞ മന്ത്രിക്ക് നാണമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എസ്എൻസി ലാവലിന്‍റെ പ്രധാന ഫയലുകൾ നഷ്ടപ്പെട്ടത് ശിവശങ്കർ കെഎസ്ഇബി ചെയർമാനായിരുന്നപ്പോഴാണ്. ദുബായിലടക്കം മുഖ്യമന്ത്രിയുടെ മുന്നിലും പിന്നിലും സ്വപ്നയുണ്ടായിരുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി രാജിവച്ചൊഴിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. വിമർശനങ്ങളിൽ നിന്ന് രക്ഷപെടാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. മുഖ്യമന്ത്രിയെ വിമർശിക്കാൻ കഴിവുള്ള നേതാക്കൾ സി പി എമ്മിലില്ല.സി പി എമ്മിന് എതിരെ ആരോപണം ഉയരുമ്പോഴാണ് കൊവിഡ് മാനദണ്ഡം ശൈലജ ടീച്ചർ പറയുന്നത്‌. കുഞ്ഞനന്തനെ കാണാൻ പോയത് ലീഗുകാരും കോൺഗ്രസുകാരുമാണെന്ന് പറഞ്ഞ ഇ പി ജയരാജന്‍റെ തല കൊണ്ടുപോയി പരിശോധിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/911977015937799