കാര്യവട്ടത്ത് കെഎസ്‌യു പ്രവർത്തകന് എസ്എഫ്ഐയുടെ ഇടിമുറി മർദ്ദനം; പ്രതിഷേധത്തിനിടെ എം. വിന്‍സെന്‍റ് എംഎല്‍എയ്ക്കും കൈയേറ്റം

Jaihind Webdesk
Wednesday, July 3, 2024

 

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ കെഎസ്‌യു (KSU) പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ ഇടിമുറിയിൽ കയറ്റി മർദ്ദിച്ചു. കെഎസ്‌യു ജില്ലാ ഭാരവാഹി കൂടിയായ സാൻജോസിനാണ് അതിക്രൂരമായ മർദ്ദനമേറ്റത്. സാൻ ജോസിനെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരേയും എസ്എഫ്ഐ അതിക്രമം ഉണ്ടായി. എം. വിൻസെന്‍റ് എംഎൽഎയെ പോലീസ് നോക്കിനിൽക്കെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. ഇതിനെതുടർന്ന് കാര്യവട്ടത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടായി.

സന്ധ്യയോടെയാണ് കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിന്‍റെ കവാടത്തിനു മുന്നിൽ വെച്ച് സാൻ ജോസിനെ എസ്എഫ്ഐ പ്രവർത്തകർ ആദ്യം മർദ്ദിച്ചത്. തുടർന്ന് സംഘടിതരായ എസ്എഫ്ഐ പ്രവർത്തകർ സാൻ ജോസിനെ ക്യാമ്പസിന് പിന്നിലെ ഹോസ്റ്റലിന് സമീപത്തും ഇടിമുറിയിലും കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ സാൻജോസിന് സാരമായ പരുക്കേറ്റു. പിന്നീട് പോലീസ് എത്തിയാണ് ജോസിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും സാൻ ജോസിനെ പ്രവേശിപ്പിച്ചു. സാൻ ജോസിനെ മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇതോടെ കെഎസ്‌യു പ്രവർത്തകർ ശ്രീകാര്യം പോലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം ആരംഭിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്‌യു ഉപരോധം തുടരുന്നതിനിടയിൽ ഇവിടേക്ക് സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്റ്റേഷനുമുന്നിൽ അതിക്രമം അഴിച്ചുവിട്ടു. സംഭവമറിഞ്ഞ് ഇവിടേക്ക് എത്തിയ എം. വിൻസെന്‍റ് എംഎൽഎയെ പോലീസ് നോക്കിനിൽക്കെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. കാറിൽ നിന്നിറങ്ങിയ എംഎൽഎയെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

ഇതേ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ
കൂടുതൽ പോലീസ് സംഘം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. എസ്എഫ്ഐയുടെ ഇടിമുടി മർദ്ദനത്തിനും എംഎൽഎയെ ഉൾപ്പെടെ കയ്യേറ്റം ചെയ്തതിനുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.