യൂണിവേഴ്സിറ്റി കോളേജിൽ വാശിയേറിയ പോരാട്ടവുമായി കെഎസ്‌യു

Jaihind Webdesk
Sunday, December 4, 2022

 

തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ശ്രദ്ധാകേന്ദ്രമാവുകയാണ്. വർഷങ്ങൾക്ക് ശേഷം വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ് യുണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു കാഴ്ചവെക്കുന്നത്. എസ്എഫ്ഐ യുടെ ഏകാധിപത്യ രാഷ്ട്രീയത്തിന് കീഴിലായിരുന്ന ക്യാമ്പസിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് കെഎസ്‌യു വീണ്ടും യൂണിറ്റ് രൂപീകരിച്ച് സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത്.

കഴിഞ്ഞ വർഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയുടെ നോമിനേഷൻ തള്ളിപ്പോയതിനെ തുടർന്ന് കെ.എസ്.യു പാനലിൽ രണ്ടാം വർഷ പി.ജി വിദ്യാർത്ഥി ഡെൽനാ തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നടന്ന എസ്എഫ്ഐ സംഘർഷത്തിന്‍റെ ഭാഗമായി ക്യാമ്പസിലെ ഇലക്ഷൻ റദ്ദാക്കുകയും ചെയ്തു. ഈ വർഷം വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ് കെഎസ്‌യു നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ അടക്കം കെഎസ്‌യുവിന്‍റെ മുന്നേറ്റം ഇതിനോടകം വിദ്യാർത്ഥികൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു. യൂണിറ്റ് പ്രസിഡന്‍റ് മറിയം ജാസ്മിൻ നയിക്കുന്ന പാനലിൽ ആറോളം വിദ്യാർത്ഥികൾ ജനറൽ സീറ്റിൽ മത്സരിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.