തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ തെറ്റായ നയങ്ങളിലൂടെയും സമീപനത്തിലൂടെയും തച്ചുതകർക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു. ഇ ഗ്രാന്‍റ് വിഷയത്തിൽ ഉൾപ്പെടെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു. അതേ സമയം മൂന്നു ദിവസം നീണ്ടു നിന്ന കെഎസ്‌യു തെക്കൻ മേഖലാ ക്യാമ്പ് സമാപിച്ചു.
സമാപന യോഗം ഡിസിസി പ്രസിഡന്‍റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി കോടിയാട്ട്, നെയ്യാറ്റിൻകര സനൽ, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്‍റ് ഗോപുനെയ്യാർ, സെയ്തലി കായ്പ്പാടി തുടങ്ങിയവർ പ്രസംഗിച്ചു. പ്രവർത്തന കലണ്ടർ പ്രകരമുള്ള പരിപാടികൾ തുടരുമെന്നും തുടർന്ന് മലബാർ മേഖലാ ക്യാമ്പ് സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.