കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജിലും കെഎസ്‌യു യൂണിറ്റുകൾ സ്ഥാപിക്കും: അലോഷ്യസ് സേവ്യർ

Jaihind Webdesk
Friday, June 2, 2023

 

കോട്ടയം: കേരളത്തിലെ എല്ലാ സർക്കാർ – സ്വകാര്യ മെഡിക്കൽ കോളേജിലും കെഎസ്‌യു യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ആരോഗ്യമേഖലയിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും സർക്കാർ പൂർണ്ണമായും തഴയുകയാണെന്നും വിദ്യാർത്ഥി വിരുദ്ധ നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അലോഷ്യസ് സേവ്യർ ചൂണ്ടിക്കാട്ടി.

ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ കെഎസ്‌യു മെമ്പർഷിപ്പ് വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. വന്ദനാ ദാസിന്‍റേത് സർക്കാർ സ്പോൺസേഡ് കൊലപാതകമാണെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ആരോഗ്യമേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ ഭരണവിലാസം സംഘടനയായി എസ്എഫ്ഐ മാറിയെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്‍റ് കെ.എൻ നൈസാം, ജനറൽ സെക്രട്ടറിമാരായ രാഹുൽ കൈതയ്ക്കൽ, ആനന്ദ് കെ ഉദയൻ, ആദേശ് സുധർമൻ, ജിത്തു ജോസഫ്, ആരോഗ്യ സർവകലാശാലയുടെ ചുമതലയുള്ള സംസ്ഥാന കൺവീനർ ഡോ. സാജൻ വി എഡിസൺ, സംസ്ഥാന ഭാരവാഹികളായ നെസിയ മുണ്ടപ്പള്ളി, സെബാസ്റ്റ്യൻ ജോയ്, ജെസ്വിൻ റോയ് എന്നിവർ പ്രസംഗിച്ചു.