യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന സമിതി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി രാഷട്രീയത്തെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം.

എസ്.എഫ്.ഐ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതിവെച്ച് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്നും വളരെയധികം സമ്മര്‍ദ്ദം ഉണ്ടായെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.

ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ചും യൂണിവേഴ്സിറ്റിയിലെ സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥിയോ രക്ഷിതാക്കളോ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

Comments (0)
Add Comment