കണ്ണൂർ: തോട്ടട ഐടിഐ യിൽ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പരാതി നൽകാനെത്തിയ കെഎസ്‌യു നേതാക്കളെ പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു. ക്യാമ്പസിനുള്ളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് റിബിന് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനമേറ്റു. അതേസമയം പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. ഏതാനും വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഐടിഐയിൽ കെഎസ്‌യു യൂണിറ്റ് രൂപികരിച്ചിരുന്നു. ക്യാമ്പസിനകത്ത് കെഎസ്‌യു പ്രവർത്തകർ പതാക ഉയർത്തിയതിൽ പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു കെട്ടിയ കൊടിമരം നശിപ്പിച്ചു. പിന്നീട് ക്രൂരമായ മർദ്ദനം അഴിച്ചു വിടുകയായിരുന്നു. കോളേജ് ഗേറ്റ് അടച്ചതിനു ശേഷം ക്യാമ്പസിനുള്ളിലും സംഘർഷമുണ്ടായി.
ഐടിഐ യിലെത്തിയ കെഎസ്‌യു ജില്ല പ്രസിഡന്‍റ് എം. സി അതുൽ, വിജിൽ മോഹൻ, ഫർഹാൻ മുണ്ടേരിയെയും എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. ഐടിഐ പ്രിൻസിപ്പാളിനെയും പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനമേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് റിബിൻ ബോധരഹിതനായി. അർജ്ജുൻ കോറോം, രാഗേഷ് ബാലൻ ഉൾപ്പടെയുള്ള കെഎസ്‌യു നേതാക്കളെയും എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂർ ഐട ഐ യിൽ കെഎസ്‌യു യൂണിറ്റ് രൂപികരിച്ച ഈ അധ്യയന വർഷാരംഭം മുതൽ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണ്. കണ്ണൂർ ഐടിഐയിലെ എസ്എഫ്ഐ അക്രമത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെഎസ്‌യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. നാളെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കും.