കേരള സര്‍വ്വകലാശാല യുണിയനില്‍ കെ എസ് യു പ്രതിനിധിയ്ക്ക് ജയം ; ആഹ്‌ളാദ പ്രകടനത്തിനു നേരേ എസ് എഫ് ഐ ആക്രമണം; നാട്ടുകാര്‍ക്കു നേരേയും കല്ലേറ്

Jaihind News Bureau
Thursday, April 10, 2025

തിരുവനന്തപുരം കേരള സര്‍വ്വകലാശാല കാമ്പസില്‍ യുണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷം. യൂണിയന്‍ എസ് എഫ് ഐ നേടിയെങ്കിലും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് കെ എസ് യു അട്ടിമറി വിജയം നേടി. ഇതോടെ എസ് എഫ് ഐ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. ഇരുപക്ഷവും വിജയാഹ്‌ളാദം നടത്തിയതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. കാമ്പസിനുള്ളില്‍ എസ് എഫ് ഐ പ്രവര്‍ത്തരും കാമ്പസിനു പുറത്ത് കെ എസ് യുവും ആഹ്‌ളാദപ്രകടനങ്ങള്‍ നടത്തി. ഇതിനിടെ കാമ്പസിനുള്ളില്‍ നിന്ന് എസ് എഫ് ഐ പ്രവര്‍ത്തര്‍ കല്ലേറു നടത്തി. കെ എസ് യു പ്രവര്‍ത്തകര്‍ ചെറുത്തു നിന്നതോടെ വലിയ സംഘര്‍ഷമായി ഇതു വളര്‍ന്നു. പൊതുവഴിയില്‍ യാത്രചെയ്യുന്നവര്‍ക്ക് ഉള്‍പ്പടെ കല്ലേറില്‍ പരിക്കേറ്റു. പോലീസും എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് കെ എസ് യു ആരോപിക്കുന്നു.

വര്‍ഷങ്ങളായി എസ് എഫ് ഐ കുത്തകയാക്കി വയ്ക്കുന്ന യൂണിയനാണ് കേരള സര്‍വ്വകലാശാലയിലേത്. മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്്യം പോലും നിഷേധിച്ചാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനം. കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏഴില്‍ ആറു സീറ്റു നേടിയ എസ് എഫ് ഐയ്ക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ സീറ്റില്‍ കെഎസ് യു നേടിയ അട്ടിമറി ജയമാണ് പ്രകോപനമായത്. അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ അഞ്ചില്‍ നാല് സീറ്റിലും എസ്എഫ്‌ഐ ജയിച്ചു. ഒരു സീറ്റ് കെഎസ് യു നേടി.