കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല (KUHS) സൗത്ത് സോണ്‍ കലോത്സവത്തിന്റെ പുതുക്കിയ തീയതികള്‍ക്കെതിരെ കെ.എസ്.യു. മെഡിക്കല്‍ വിങ് പ്രതിഷേധവുമായി രംഗത്ത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കലോത്സവം, മഹാനവമി-വിജയദശമി ദിനങ്ങളില്‍ ക്രമീകരിച്ചതിലാണ് പ്രതിഷേധം.
ഒക്ടോബര്‍ 1 മഹാനവമി ദിനമാണ്. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികള്‍ സാധാരണയായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പൂജാ അവധിയായി ആചരിക്കുന്ന സുപ്രധാന ദിവസങ്ങളാണ്. ഈ അവധി ദിവസങ്ങളില്‍ പരിപാടികള്‍ ക്രമീകരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കെ.എസ്.യു. മെഡിക്കല്‍ വിങ് ചൂണ്ടിക്കാട്ടി.
മഹാനവമി ദിനം പഠന-പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി വിശുദ്ധമായി ആചരിക്കുന്ന സാഹചര്യത്തില്‍ കലോത്സവ മത്സരങ്ങള്‍ നടത്തുന്നത് മത്സരാര്‍ത്ഥികളുടെ പങ്കാളിത്തത്തെയും മാനസിക തയ്യാറെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്നും കെ.എസ്.യു. വ്യക്തമാക്കി.
സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക-സാംസ്‌കാരിക, മത-സാമൂഹ്യ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് കെ.എസ്.യു. മെഡിക്കല്‍ വിങ് ആരോപിച്ചു. നിലവിലെ തീയതി ക്രമീകരണത്തെ ഒരു കാരണവശാലും പിന്തുണയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ച കെ.എസ്.യു., കലോത്സവ തീയതികള്‍ ഉടന്‍ തന്നെ പുനഃക്രമീകരിക്കണമെന്ന് സര്‍വ്വകലാശാല അധികൃതരോട് ആവശ്യപ്പെട്ടു.